CricketTop Stories

സഞ്ജുവിനെതിരേ ആഞ്ഞടിച്ച് പരിശീലകന്‍!!

സഞ്ജു സാംസണിനെതിരേ കേരള ക്രിക്കറ്റില്‍ പടയൊരുക്കം. ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ മലയാളിതാരങ്ങള്‍ക്ക് വേണ്ടി സഞ്ജു കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്ന ആരോപണമാണ് താരത്തിനെതിരായ നീക്കത്തിലേക്ക് വഴിതെളിച്ചത്. സഞ്ജുവിന്റെ മുന്‍ കോച്ചും അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് കോച്ചുമായിരുന്ന ബിജു ജോര്‍ജും സഞ്ജുവിനെതിരേ രംഗത്തുവന്നിട്ടുണ്ട്. കേരള ടീമിലെ താരങ്ങളും സഞ്ജുവിനോട് മാനസികമായി അകന്നു നില്ക്കുകയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. മറ്റു താരങ്ങളെ വേണ്ടത്ര സപ്പോര്‍ട്ട് ചെയ്യാന്‍ സഞ്ജു കൂട്ടാക്കുന്നില്ലെന്ന പരാതി സഹതാരങ്ങള്‍ക്കുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ പണ്ട് ശ്രീശാന്ത് കളിച്ചിരുന്ന സമയത്ത് അദേഹമാണ് സഞ്ജുവിനെ അവിടെ ട്രയല്‍സിനായി എത്തിക്കുന്നത്. പിന്നീട് ഐപിഎല്‍ കരാര്‍ ലഭിക്കുന്നതിലും ശ്രീയുടെ ഇടപെടല്‍ കാരണമായി. എന്നാല്‍ അതേ സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനായപ്പോള്‍ സഹതാരങ്ങള്‍ക്കായി യാതൊന്നും ചെയ്തില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്‍ പരിശീലകന്‍ കൂടിയായ ബിജു ജോര്‍ജ് സഞ്ജുവിനെ രൂക്ഷമായി പരിഹസിച്ചത്. അദേഹത്തിന്റെ പോസ്റ്റ് ഇപ്രകാരമാണ്.
ഹോട്ടലിന്റെ മാനേജര്‍ മലയാളി ആയതു കൊണ്ട്, വെയിറ്റര്‍ ആയിട്ടു മലയാളികളെ എടുത്തില്ല എന്ന് പറഞ്ഞു അയാളുടെ മേകേറുന്നത് ശരിയല്ല…പിന്നെ വൈറ്റെര്‍മാര്‍ എന്ത് ചെയ്യണം?, വെയിറ്റ് ചെയ്യണം, ക്വാളിഫിക്കേഷന്‍ ഉള്ള വൈറ്റെര്‍മാര്‍ ആരും ഇല്ലായിരുന്നോ, ആവോ? നേരത്തെയും സഞ്ജുവിനെ സാമൂഹികമാധ്യമങ്ങളില്‍ ബിജു ജോര്‍ജ് വിമര്‍ശിച്ചിരുന്നു. ദൈവം മറ്റുള്ളവരെ സഹായിക്കാന്‍ അവസരം നല്‍കിയാല്‍ അവര്‍ക്ക് പിന്തുണ നല്‍കണമെന്നും ഇന്ന് സൂപ്പര്‍ സ്റ്റാര്‍ ആയിരിക്കാം നാളെ എന്താകുമെന്ന് ആര്‍ക്കറിയാം എന്നായിരുന്നു അന്ന് ബിജു ജോര്‍ജിന്റെ വിമര്‍ശനം.

ഐപിഎല്‍ താരലേലത്തില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ള ഫ്രാഞ്ചൈസികളൊന്നും മലയാളി താരങ്ങളില്‍ കാര്യമായി താല്‍പര്യം കാട്ടിയിരുന്നില്ല. 30 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സ് ബേസില്‍ തമ്പിയെ ടീമിലെടുത്തപ്പോള്‍ 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിഷ്ണു വിനോദിനെ ടീമിലെടുത്തു. കെ എം ആസിഫിനെയും റോബിന്‍ ഉത്തപ്പയെയും ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുകയും ചെയ്തു.

മലയാളി പേസര്‍ എസ് ശ്രീശാന്തും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ടീമുകളാരും താല്‍പര്യം കാട്ടാത്തതിനാല്‍ ശ്രീശാന്തിന്റെ പേര് ലേലത്തിനുപോലും എത്തിയില്ല. ബേസില്‍ തമ്പിക്കും വിഷ്ണു വിനോദിനും പുറമെ കേരളത്തിനായി കളിക്കുന്ന ജലജ് സക്‌സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, മിഥുന്‍ എസ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍ റോബിന്‍ എന്നിവരായിരുന്നു ഐപിഎല്‍ താരലേലത്തിന് ഉണ്ടായിരുന്നത്. ഇവരുടെ പേരുകള്‍ ലേലത്തിന് എത്തിയെങ്കിലും ആരും ടീമിലെടുത്തിരുന്നില്ല.

Related Articles

Leave a Reply

Back to top button