Football

റൊസാരിയൊ നഗരത്തിന് ഉറക്കമില്ല; മെസിയുടെ മുത്തശ്ശിയുടെ വീടിന് ചുറ്റും ജനസമുദ്രം!

ലയണല്‍ മെസിയുടെ ജന്മദേശമായ റൊസാരിയൊ നഗരം കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല… അതിന് ഒരേയൊരു കാരണം മാത്രം… റൊസാരിയോയുടെ പുത്രനായ ലയണല്‍ മെസി അര്‍ജന്റീനയെ വീണ്ടുമൊരു ഫിഫ ലോകകപ്പ് ഫൈനലില്‍ എത്തിച്ചിരിക്കുന്നു. ലോകകപ്പ് കിരീടം നേടിയാലും ഇല്ലെങ്കിലും ഫൈനലില്‍ പ്രവേശിച്ചത് അര്‍ജന്റീനക്കാര്‍ ആഘോഷിക്കുകയാണ്.

റൊസാരിയൊയില്‍ ലയണല്‍ മെസിയുടെ മുത്തശ്ശി താമസിക്കുന്ന വീടിനും ചുറ്റും ആരാധകരാല്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആരാധകരുടെ ആവേശത്തിനൊപ്പം മെസിയുടെ മുത്തശ്ശിയും ജനാലയിലൂടെ കൈവീശുന്നതിന്റെ ദൃശ്യങ്ങളും തരംഗമാണ്.

തലസ്ഥാന നഗരമായ ബുവാനോസ് ആരീസില്‍ കഴിഞ്ഞ ദിവസം തടിച്ചുകൂടിയത് 10 ലക്ഷത്തോളം ആരാധകര്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബുവാനോസ് ആരീസിന്റെ മുക്കിലും മൂലയിലും അര്‍ജന്റൈന്‍ പതാകയുമായി ആരാധകര്‍ തിങ്ങിനിറഞ്ഞു.

ഇതിഹാസ താരമായ ഡിയേഗോ മാറഡോണയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി ബുവാനോസ് ആരീസില്‍ ജനങ്ങള്‍ തടിച്ചുകൂടിയതിനു ശേഷം ഇത്രയും ജനസമുദ്രം രാജ്യ തലസ്ഥാനത്ത് ഇതാദ്യമാണെന്നും ആളുകള്‍ സ്ഥിരീകരിക്കുന്നു.

അര്‍ജന്റീന വീണ്ടും ലോകകപ്പ് ഫൈനലില്‍ എത്തിയിരിക്കുന്നു അത് ആഘോഷിക്കൂ എന്നായിരുന്നു ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനല്‍ ജയത്തിനു ശേഷം ലയണല്‍ മെസി പറഞ്ഞത്. അത് അക്ഷരംപ്രതി നടപ്പാക്കുകയാണ് മെസിയുടെ ജന്മനാടായ റൊസാരിയൊ.

ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും താങ്കള്‍ ഓരോ അര്‍ജന്റീനക്കാരുടെയും ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയെന്നും രാജ്യത്തെ കുട്ടികളും വലിയവരും താങ്കളുടെ ജഴ്സി അണിഞ്ഞാണ് നടക്കുന്നതെന്നും ലോകകപ്പ് സെമി പ്രവേശത്തിനു പിന്നാലെ ഒരു ടെലിവിഷന്‍ അവതാരക മെസിയോട് പറഞ്ഞിരുന്നു. അര്‍ജന്റീനയുടെ വീരപുരുഷനെ എങ്ങനെയാണ് അവര്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നതിന്റെ വാക്കുകളായിരുന്നു അത്.

ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30നാണ് അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍. അര്‍ജന്റീനയുടെ ആറാം ലോകകപ്പ് ഫൈനലും ഫ്രാന്‍സിന്റെ നാലാം ഫൈനലുമാണ്. ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനല്‍ കളിക്കുന്നത്. 1986, 1990 വര്‍ഷങ്ങളില്‍ അര്‍ജന്റീനയും ലോകകപ്പ് ഫൈനല്‍ തുടര്‍ച്ചയായി രണ്ട് തവണ കളിച്ചിരുന്നു.

ലയണല്‍ മെസിയുടെ രണ്ടാം ലോകകപ്പ് ഫൈനല്‍ ആണിത് എന്നതും ശ്രദ്ധേയം. 2014ലും മെസി നയിച്ച അര്‍ജന്റീന ഫൈനലില്‍ എത്തിയിരുന്നു. അന്ന് ഗോണ്‍സാലോ ഹിഗ്വിന്‍ തുറന്ന അവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കുമായിരുന്നു. അന്നത്തെ നഷ്ടം ഖത്തറില്‍ മെസിയുടെ ലോകകപ്പ് കിരീടധാരണത്തിലൂടെ നികത്തട്ടെ എന്നാണ് ആരാധകരുടെ ആശംസ…

 

Related Articles

Back to top button