Football

അര്‍ജന്റീനയുടെ വിധി നിര്‍ണയിക്കുക 27! ഭയക്കേണ്ടത് മെക്‌സിക്കോയെ!

അപ്രതീക്ഷിതം. തീര്‍ത്തും അപ്രതീക്ഷിതമെന്ന് തന്നെ അര്‍ജന്റീനയും വീഴ്ച്ചയെ വിശേഷിപ്പിക്കാം. ആദ്യ പകുതിയില്‍ ഒരിക്കല്‍ വലകുലുക്കിയും മൂന്ന് തവണ ഓഫ് സൈഡ് ഗോളില്‍ നിര്‍ഭാഗ്യം വേട്ടയാടപ്പെട്ടിട്ടും മെസിയും സംഘവും ഇങ്ങനെ തോല്‍ക്കുമെന്ന് കടുത്ത സൗദി അറേബ്യ ഫാന്‍സ് പോലും കരുതി കാണില്ല. ഒരൊറ്റ തോല്‍വിയോടെ അര്‍ജന്റീനയുടെ മുന്നോട്ടുള്ള പ്രയാണം ത്രിശങ്കുവിലായെന്ന് പറയാം.

ഇനി ഗ്രൂപ്പ് സിയിലെ സാധ്യതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒരു ജയത്തോടെ സൗദി ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇനിയൊരു ജയം കൂടി ഉണ്ടെങ്കില്‍ അവര്‍ പ്രീക്വാര്‍ട്ടറിലേക്ക് ഏകദേശം ഉറപ്പിക്കാം. വലിയ തോല്‍വികള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കുകയാകും സൗദി അടുത്ത കളികളില്‍ ലക്ഷ്യമിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഗ്രൂപ്പില്‍ ഒരൊറ്റ സ്ഥാനം കൂടിയെ പ്രീക്വാര്‍ട്ടറിലേക്ക് ബാക്കിയുണ്ടാകൂ.

ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക അര്‍ജന്റീനയെയാകും. കാരണം, ഗ്രൂപ്പില്‍ മെസിയും സംഘവും ഇനി കളിക്കാനുള്ള ബാക്കി രണ്ട് ടീമുകളും അത്യാവശ്യം ശക്തരാണ്. മെക്‌സിക്കോ ലോകകപ്പുകളില്‍ മിന്നും പ്രകടനം നടത്തുന്ന ടീമാണ്. പോളണ്ടും മോശമല്ല. അതുകൊണ്ട് തന്നെ ഇനിയുള്ള രണ്ട് മല്‍സരങ്ങളും ലാറ്റിനമേരിക്കന്‍ വമ്പന്മാരെ സംബന്ധിച്ച് ഹൃദയമിടിപ്പ് കൂട്ടുന്നതാണ്.

അവസാനം കളിച്ച ഏഴു ലോകകപ്പുകളിലും മെക്‌സിക്കോ അവസാന പതിനാറില്‍ കടന്നിട്ടുണ്ട്. മിനിമം ഗ്യാരണ്ടി ടീമാണ് മെക്‌സിക്കോ. അവരെ തോല്‍പ്പിക്കുകയെന്നത് അത്ര എളുപ്പമുള്ള ജോലിയല്ലെന്ന് ഉറപ്പാണ്. കാരണം, ഇപ്പോള്‍ തന്നെ സമ്മര്‍ദ്ദം അര്‍ജന്റീനയിലേക്ക് പടര്‍ന്നു കയറിയിട്ടുണ്ട്. അമിത സമ്മര്‍ദത്തില്‍ കളിക്കുമ്പോള്‍ മെസിയും സംഘവും പതറുന്നത് സമീപകാലത്ത് ഒരുപാട് കണ്ടിട്ടുള്ളതാണ്.

അര്‍ജന്റീനയുടെ മറ്റൊരു എതിരാളി പോളണ്ടാണ്. ഇതുവരെ ലോകകപ്പുകളില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത് രണ്ടുതവണയാണ്. ഓരോ വിജയം വീതം ഇരുടീമുകളും സ്വന്തമാക്കി. അവസാനമായി അന്താരാഷ്ട്ര മല്‍സരത്തില്‍ പോളണ്ടിനെ നേരിട്ടപ്പോള്‍ 2-1ന് അര്‍ജന്റീന തോറ്റുവെന്നതും ശ്രദ്ധേയമാണ്. ഇരുടീമുകളും ഇതുവരെ 11 തവണ ഏറ്റുമുട്ടിയപ്പോള്‍ 6 തവണ അര്‍ജന്റീനയും മൂന്നില്‍ പോളണ്ടും ജയിച്ചു. രണ്ടെണ്ണം സമത്തില്‍ അവസാനിച്ചു.

അര്‍ജന്റീനയുടെ ഒരൊറ്റ മോശം പ്രകടനം ഗ്രൂപ്പ് സിയെ ഒരു മരണഗ്രൂപ്പാക്കി, എന്തും സംഭവിക്കാവുന്ന ഗ്രൂപ്പാക്കി മാറ്റിയെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഗ്രൂപ്പില്‍ ആരൊക്കെ മുന്നോട്ടു പോകുമെന്ന കാര്യത്തില്‍ ഓരോ നിമിഷവും അനിശ്ചിതത്വം കൂടി വരികയാണ്. അതും അനായാസം അര്‍ജന്റീനയുടെ മുന്നേറ്റം പ്രവചിച്ചിടത്തു നിന്നാണ് ഈ അവസ്ഥയെന്നതാണ് ശ്രദ്ധേയം.

Related Articles

Back to top button