FootballTop Stories

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത

ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വീണ്ടുമൊരു സന്തോഷവാര്‍ത്ത. അടുത്തവര്‍ഷം ചൈനയില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള അവസാന യോഗ്യതറൗണ്ട് മത്സരങ്ങളുടെ ഒരു വേദിയായി ഇന്ത്യയും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സെന്ററലൈസ്ഡ് വേദികളിലാണ് യോഗ്യത മത്സരങ്ങള്‍ നടത്തുക. ജൂണ്‍ എട്ട് മുതല്‍ 14 വരെയാണ് യോഗ്യതറൗണ്ട് മത്സരങ്ങള്‍ നടക്കുക. 24 ടീമുകളില്‍ നിന്ന് 11 ടീമുകള്‍ക്കാകും ഏഷ്യന്‍ കപ്പിന് യോഗ്യത ലഭിക്കുക. നിലവില്‍ ആതിഥേയരായ ചൈന അടക്കം 13 ടീമുകള്‍ യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന വേദിയുടെ ആതിഥേയത്വം കൊല്‍ക്കത്തയ്‌ക്കോ മുംബൈയ്‌ക്കോ ലഭിക്കാനാണ് സാധ്യത കൂടുതല്‍. ജൂണിലാണ് കാലവര്‍ഷ സമയമെന്നതാണ് കൊച്ചിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നത്.

യോഗ്യതറൗണ്ടില്‍ 24 ടീമുകളെ അഞ്ചു പോട്ടുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. ഫെബ്രുവരി 10 വരെയുള്ള ഫിഫ റാങ്കിംഗിന്റെ ക്രമത്തിലാണിത്. പോട്ട് ഒന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഉസ്‌ബെക്കിസ്ഥാന്‍, ബഹ്‌റിന്‍, ജോര്‍ദാന്‍, കിര്‍ഗിസ്ഥാന്‍, പാലെസ്തീന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ പോട്ടിലുള്ള ടീമുകള്‍ ഗ്രൂപ്പ് തിരിക്കുമ്പോള്‍ ഒരേ ഗ്രൂപ്പില്‍ വരില്ല. ഫെബ്രുവരി 24ന് മലേഷ്യയിലാണ് ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന് ഫിഫയും ഇപ്പോള്‍ എഎഫ്‌സിയും കൂടുതല്‍ പ്രാധാന്യം നല്കുന്നതിന്റെ തെളിവാണ് യോഗ്യതറൗണ്ടിന് വേദിയൊരുക്കാന്‍ കിട്ടിയ അവസരം.

അടുത്തവര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ടീമുകള്‍ പതിമൂന്നെണ്ണമാണ്. ആതിഥേയരായ ചൈന, ജപ്പാന്‍, സിറിയ, ഖത്തര്‍, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ഇറാക്ക്, ഒമാന്‍, വിയറ്റ്‌നാം, ലെബനോന്‍ ടീമുകളാണ് ഇതുവരെ യോഗ്യത ഉറപ്പിച്ചത്. ചൈനയിലേക്ക് ടിക്കറ്റെടുക്കാനായാല്‍ ഇന്ത്യന്‍ ഫുട്‌ബോളിന് അതു നല്കുന്ന ഊര്‍ജം ചെറുതാകില്ല.

Related Articles

Leave a Reply

Back to top button