Football

ഭൂപതി മുതല്‍ ബ്രിസ്ബെയ്ന്‍ എഫ്‌സി വരെ !! കേരള സൂപ്പര്‍ ലീഗ് ടീമുകളെ സ്വന്തമാക്കിയത് വമ്പന്മാര്‍

സൂപ്പര്‍ ലീഗ് കേരളയില്‍ ടീമുകളെ സ്വന്തമാക്കി ബിസിനസ് ലോകത്തെ വമ്പന്മാര്‍. സെപ്റ്റംബര്‍ ആദ്യത്തോടെ ആരംഭിക്കുന്ന പ്രഥമ സൂപ്പര്‍ ലീഗില്‍ കൊച്ചി പൈപ്പേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശ്ശൂര്‍ റോര്‍ എഫ്‌സി, കണ്ണൂര്‍ സ്‌ക്വാഡ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, മലപ്പുറം എഫ്‌സി എന്നീ ടീമുകള്‍ മത്സരിക്കും. 45 ദിവസം നീണ്ടു നില്‍ക്കുന്നതാണ് സൂപ്പര്‍ ലീഗ് കേരള.

ഫ്രാഞ്ചൈസി ഉടമകളും സഹ-ഉടമകളെയും ചടങ്ങില്‍ പരിചയപ്പെടുത്തി. പ്രശസ്ത ടെന്നീസ് താരം മഹേഷ് ഭൂപതി, സിഇഒ, എസ്ജി സ്പോര്‍ട്സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്, എപിഎല്‍ അപ്പോളോ (കൊച്ചി പൈപ്പേഴ്സ് എഫ്സി), ബ്രിസ്ബെയ്ന്‍ റോര്‍ എഫ്സി ചെയര്‍മാനും സിഇഒയുമായ കാസ് പടാഫ്ത, മാഗ്നസ് സ്പോര്‍ട്സിന്റെ ബിനോയിറ്റ് ജോസഫ് നുസിം ടെക്നോളജീസിന്റെ മുഹമ്മദ് റഫീഖ് (തൃശ്ശൂര്‍ റോര്‍ എഫ്‌സി).

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഡയറക്ടര്‍ എംപി ഹസ്സന്‍ കുഞ്ഞി, ദോഹയിലെ കാസില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മിബു ജോസ് നെറ്റിക്കാടന്‍, അസറ്റ് ഹോംസ് ഡയറക്ടര്‍ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രമോട്ടര്‍ ഷമീം ബക്കര്‍ (കണ്ണൂര്‍ സ്‌ക്വാഡ് എഫ്‌സി), കിംസ് സിഎംഡി ഡോ.മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവല്‍സ് എംഡി കെ സി ചന്ദ്രഹാസന്‍, ടി ജെ മാത്യൂസ്, പ്രിന്‍സ് ഗൗരി ലക്ഷ്മി ഭായി എന്നിവരാണ് തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയുടെ ഉടമകള്‍.

ബിസ്മി ഗ്രൂപ്പ് എംഡി വി എ അജ്മല്‍ ബിസ്മി, തിരൂര്‍ എസ്എടി എഫ്‌സി & ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഡോ അന്‍വര്‍ അമീന്‍ ചേലാട്ട്, സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം പ്രസിഡന്റ് ബേബി നീലാംബ്ര (മലപ്പുറം എഫ്‌സി), ടെക് സംരംഭകന്‍ വി കെ മാത്യൂസ്, ഐ ബി എസ് ഗ്രൂപ്പ് (കാലിക്കറ്റ് എഫ്സി) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ഫുട്ബോള്‍ ആരാധകരുടെ സൗകര്യം കണക്കിലെടുത്താണ് സ്റ്റേഡിയങ്ങളും വേദികളും തിരഞ്ഞെടുത്തതെന്ന് എസ്എല്‍കെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. മികച്ച സൗകര്യങ്ങളോടെ കളി കാണാനുള്ള അവസരമാകും സൂപ്പര്‍ ലീഗ് കേരള ഒരുക്കുന്നത്. ഏഷ്യയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുടമടക്കമുള്ള വിദേശ പ്രതിഭകളും ലീഗിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ പരമ്പരാഗത ശക്തികേന്ദ്രമായി കേരളം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും നമ്മുടെ ഫുട്ബോള്‍ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. സൂപ്പര്‍ ലീഗ് കേരള അത്തരമൊരു വിടവ് പരിഹരിക്കും.

വളരെ ചെറിയ പ്രായത്തിലെ തന്നെ പ്രതിഭകളെ കണ്ടത്തി അവര്‍ക്ക് പരിശീലനം നല്‍കുന്നതിനും മികച്ച കളിയവസരങ്ങള്‍ ഒരുക്കുന്നതിനും ലീഗ് ലക്ഷ്യം വെക്കുന്നു. നിലവില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്റെ കേരള യുവജന വികസന പദ്ധതിയുടെ ഭാഗമായി 5,000 കളിക്കാര്‍ അഞ്ച് ഗ്രൂപ്പുകളിലായി ചക്കോള ട്രോഫി ടൂര്‍ണമെന്റിന്റെ ഭാഗമായി പരിശീലനത്തിലും മത്സരങ്ങളും കളിക്കുന്നുണ്ട്.

ഈ പദ്ധതി പ്രകാരം ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് സൂപ്പര്‍ ലീഗ് കേരള ഫ്രാഞ്ചൈസികളുടെ സഹായത്തോടെ വര്‍ഷം മുഴുവന്‍ സൗജന്യ പരിശീലനം നല്‍കും.

സൂപ്പര്‍ ലീഗ് കേരളയുടെ വിജയം യുവാക്കള്‍ക്ക് പുതിയ അവസരങ്ങളും പ്രാദേശിക ജനതയുടെ കൂടുതല്‍ പങ്കാളിത്തവും സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ്മീരാന്‍പറഞ്ഞു.കേരളാ ഫുട്‌ബോള്‍ രംഗത്ത് വമ്പന്‍ കുതിച്ചു ചാട്ടത്തിന് ടൂര്‍ണമെന്റ് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button