Football

വ്യാജ ‘നെയ്മര്‍’ സെക്യൂരിറ്റിക്കാരെയും പറ്റിച്ചു; പിച്ചില്‍ കയറിയവനെ തപ്പി സംഘാടകര്‍!

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മല്‍സരത്തിനിടെ ഗ്യാലറിയിലും ഗ്രൗണ്ടിലും സ്റ്റാറായത് നെയ്മറായിരുന്നു. പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതിരുന്ന നെയ്മര്‍ ഗ്യാലറിയില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തും ആഘോഷിച്ചു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ ആളുകള്‍ തിരിച്ചറിഞ്ഞത്.

യഥാര്‍ത്ഥ നെയ്മര്‍ ടീം ഹോട്ടലില്‍ ഉഴിച്ചിലും പിഴിച്ചിലുമായി ചികിത്സയിലാണ്. നെയ്മറെ ഹോട്ടലില്‍ തനിച്ചാക്കിയാണ് ടീം മുഴുവന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ കളിക്കാന്‍ മൈതാനത്തെത്തിയത്. ഗ്യാലറിയില്‍ ആളായ നെയ്മര്‍ വ്യാജനാണത്രേ. സംഭവം എന്തായാലും നിമിഷ നേരം കൊണ്ട് വൈറലായി മാറി. ചില മലയാളി ആരാധകര്‍ പോലും നെയ്മര്‍ ഒറിജിനലാണെന്ന് കരുതി ഫോട്ടോ എടുത്തിരുന്നു.

ഇപ്പോള്‍ ലഭിക്കുന്ന മറ്റൊരു വിവരം ഈ വ്യാജ നെയ്മര്‍ സെക്യൂരിറ്റിക്കാരെയും പറ്റിച്ചുവെന്നതാണ്. സെക്യൂരിറ്റിക്കാര്‍ ഒറിജിനല്‍ നെയ്മറാണെന്ന് കരുതി വ്യാജനെ കളി നടക്കുന്ന ഗ്രൗണ്ടിലേക്ക് കടത്തി വിട്ടിരുന്നു. മൈതാനത്താകെ ചുറ്റി നടന്ന വ്യാജന്‍ ഡ്രെസിംഗ് റൂമിന്റെ പരിസരത്തൊക്കെ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.

നോട്ടത്തിലും നടപ്പിലും എടുപ്പിലുമൊക്കെ ഒറിജിനല്‍ നെയ്മറാണെന്ന് തോന്നിപ്പിക്കും പോലെയാണ് വ്യാജന്റെ നടപ്പ്. ആ ടാറ്റു പോലും മാറ്റമില്ലാതെ ശരീരത്തുണ്ട്. വ്യാജന്‍ പറ്റിച്ചവരില്‍ സാധാരണ ആരാധകര്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിന്റെ കമന്ററി സംഘത്തില്‍ ഉള്ളവര്‍ പോലും വ്യാജനൊപ്പം സെല്‍ഫി എടുത്തിട്ടുണ്ട്.

അതേസമയം, വ്യാജനെ ഗ്രൗണ്ടില്‍ കയറ്റിയ സെക്യൂരിറ്റിക്കാര്‍ക്ക് പണി പോയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്. ഈ വ്യാജനെ പിന്നെയാരും കണ്ടിട്ടില്ല. ഇയാള്‍ എവിടെ മറഞ്ഞുവെന്ന അന്വേഷണത്തിലാണ് ആരാധകരും സംഘാടകരും.

Related Articles

Back to top button