Football

കോളറില്‍ ‘ലവ്’ ബെല്‍ജിയത്തിന്റെ എവേ ജേഴ്‌സി മാറ്റിച്ചു!!

ഖത്തറില്‍ ലോകകപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ വിവാദങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ഉള്ളതിനും ഇല്ലാത്തതിനും വിവാദം വാര്‍ത്തയാക്കിയ പാശ്ചാത്ത മാധ്യമങ്ങളാണ് ആദ്യം പ്രതിസ്ഥാനത്തെങ്കില്‍ ഇപ്പോള്‍ ഫിഫയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഇതിന്റെ അവസാന അധ്യായമാണ് ബെല്‍ജിയത്തിന്റെ എവേ ജേഴ്‌സിയില്‍ മാറ്റം വരുത്താനുള്ള നീക്കം.

ബെല്‍ജിയത്തിന്റെ വെള്ള നിറത്തിലുള്ള എവേ ജേഴ്‌സിയില്‍ മാറ്റം വരുത്തിച്ചാണ് ഫിഫ അടങ്ങിയത്. ജേഴ്‌സിയുടെ കോളറില്‍ ലവ് എന്ന വാക്ക് എംബ്രോയിഡ് ചെയ്ത് വച്ചിരുന്നതാണ് ഫിഫയെ ചൊടിപ്പിച്ചത്. ഇത് സ്വവര്‍ഗ രതിക്കാര്‍ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടേക്കുമെന്ന ഭയമാണ് ഫിഫയെ ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

ഫിഫയുടെ നീക്കത്തിനെതിരേ ബെല്‍ജിയം ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തു വന്നിട്ടുണ്ട്. തങ്ങളുടെ താരങ്ങളുടെ ശ്രദ്ധ തകര്‍ക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഫിഫയില്‍ നിന്നും നിരന്തരം ഉണ്ടാകുന്നതെന്നാണ് അവരുടെ ആരോപണം. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി ആംബാന്‍ഡ് ധരിക്കാനുള്ള നീക്കവും ഫിഫ തടഞ്ഞിരുന്നു.

ഇത്തരത്തില്‍ ആംബാന്‍ഡ് ധരിച്ച് കളിക്കാനെത്തിയാല്‍ മഞ്ഞക്കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫ നിലപാട്. പിഴത്തുക വിധിച്ചാലും ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുമെന്ന് ഉറപ്പിച്ചെത്തിയ യൂറോപ്യന്‍ ടീമുകള്‍ക്ക് ഈ തീരുമാനം അപ്രതീക്ഷിത തിരിച്ചടിയാകുകയും ചെയ്തു.

Related Articles

Back to top button