Football

അര്‍ജന്റീന എട്ടു നിലയില്‍ പൊട്ടട്ടെ!! മെസിയുടെ ഡോക്ടറുടെ തുറന്നു പറച്ചില്‍; കാരണമുണ്ട്!

അര്‍ജന്റീന ഈ ലോകകപ്പില്‍ കിരീടം നേടണമെന്നാകും പല ഫുട്‌ബോള്‍ പ്രേമികളുടെയും ആഗ്രഹം. എന്നാല്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരിയറിലും ജീവിതത്തിലും നിര്‍ണായക സ്വാധീനം ചൊലുത്തിയ ഡോക്ടറുടെ ആഗ്രഹം മറിച്ചാണ്. അര്‍ജന്റീന മൂന്ന് ഗ്രൂപ്പ് മല്‍സരങ്ങളും തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകണമെന്നാണ് ഡീഗോ ഷ്വാര്‍സ്‌റ്റൈയ്ന്‍ വെളിപ്പെടുത്തിയത്.

മെസിയുടെ ചെറുപ്പത്തില്‍ ഹോര്‍മോണ്‍ കുറവ് കണ്ടെത്തിയതും ചികിത്സിച്ച് ഭേദമാക്കിയതും ഡീഗോയാണ്. മെസിയുമായി ഇപ്പോഴും അടുത്ത ബന്ധമുള്ള ഡോക്ടര്‍ തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദേഹം ഇങ്ങനെ പറഞ്ഞതെന്ന് കൂടി അറിയണം.

അര്‍ജന്റീന ദയനീയമായി തോല്‍ക്കണമെന്ന് അദേഹം പറയുന്നതിന്റെ കാരണം പലതാണ്. സാമ്പത്തികമായും മറ്റ് രീതിയിലും വലിയ പ്രതിസന്ധിയിലൂടെയാണ് അര്‍ജന്റീനയെന്ന രാജ്യം കടന്നു പോകുന്നത്. ഭരണാധികാരികള്‍ക്കെതിരേ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

ഇത്തവണ അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ അതുവഴി രാജ്യത്തെ പ്രശ്‌നങ്ങളെയെല്ലാം മറയ്ക്കാന്‍ സര്‍ക്കാരും ഭരിക്കുന്നവരും ശ്രമിക്കുമെന്നാണ് ഡോക്ടര്‍ പറയുന്നത്. ബ്രസീലിലും മറ്റും ഫുട്‌ബോളിലെ വിജയപരാജയങ്ങള്‍ പലര ഭരണാധികാരികളുടെ തുടര്‍ച്ചയ്ക്കും പതനത്തിനും കാരണമായിട്ടുണ്ടെന്നതു കൂടി ചേര്‍ത്തു വായിക്കണം.

അര്‍ജന്റീന കിരീടം ചൂടിയാല്‍ അതു തങ്ങളുടെ മികവായി വാഴ്ത്തി ഇപ്പോഴത്തെ അര്‍ജന്റൈന്‍ ഭരണകൂടം തുടരുമെന്ന ഭയമാണ് ഡോക്ടറെ ഇത്തരത്തില്‍ പറയിച്ചത്. ഒരു ഫുട്‌ബോള്‍ ആരാധകനെന്ന നിലയില്‍ അര്‍ജന്റീന കിരീടം ചൂടണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ രാജ്യത്തിന്റെ രക്ഷയ്ക്ക് താന്‍ മറിച്ചാണ് പ്രാര്‍ത്ഥിക്കുന്നതെന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു.

മെസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡോക്ടര്‍ മെസിക്കൊപ്പം ബാഴ്‌സയില്‍ കളിക്കുന്ന കാലത്ത് ന്യൂകാമ്പിലും എത്തിയിരുന്നു. ഇപ്പോഴും പല അഭിമുഖങ്ങളിലും മെസി തന്റെ പ്രിയ ഡോക്ടറെക്കുറിച്ച് പറയാറുണ്ട്.

Related Articles

Back to top button