Football

ഒരു മല്‍സരത്തില്‍ 10 റെഡ് കാര്‍ഡ് കൊടുത്ത റഫറി പോര്‍ച്ചുഗല്‍ മല്‍സരം നിയന്ത്രിക്കും!!

പോര്‍ച്ചുഗല്‍-മൊറോക്കോ ലോകകപ്പ് ക്വര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിക്കുന്നത് റെഡ് കാര്‍ഡുകളോട് പ്രിയമുള്ള റഫറി. അര്‍ജന്റീനയില്‍ നിന്നുള്ള ഫക്കുണ്ടോ ടെല്ലോ ആണ് പോര്‍ച്ചുഗലിന്റെ മല്‍സരത്തിന് വിസിലൂതുക. അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മല്‍സരത്തില്‍ റഫറി മതേവു ലാഹോസ് 16 മഞ്ഞക്കാര്‍ഡുകള്‍ വീശി റിക്കാര്‍ഡ് ഇട്ടിരുന്നു.

ടെല്ലോ ആകട്ടെ ചുവപ്പുകാര്‍ഡുകളോട് താല്‍പര്യം കൂടിയ വ്യക്തിയാണെന്ന് അദേഹത്തിന്റെ ട്രാക്ക് റിക്കാര്‍ഡ് അടിവരയിടുന്നു. ഇതുവരെ ക്ലബ് മുതല്‍ അന്താരാഷ്ട്ര തലം വരെയുള്ള കളി നിയന്ത്രണത്തില്‍ 41 തവണ ടെല്ലോ റെഡ് കാര്‍ഡ് പുറത്തെടുത്തു.

51 തവണ പെനാല്‍റ്റിയും നല്‍കി. ഇത് ടെല്ലോയ്ക്ക് റഫറിയെന്ന നിലയില്‍ ആദ്യ ലോകകപ്പാണ്. ഈ ലോകകപ്പില്‍ പോര്‍ച്ചുഗല്‍-ദക്ഷിണ കൊറിയ മല്‍സരവും അദേഹം തന്നെയാണ് നിയന്ത്രിച്ചത്.

ലോകകപ്പിന് തൊട്ടുമുമ്പ് ഒരു മല്‍സരത്തില്‍ 10 റെഡ് കാര്‍ഡുകള്‍ പുറത്തെടുത്ത് കുപ്രസിദ്ധി നേടിയ റഫറി കൂടിയാണ് ടെല്ലോ. ബൊക്കാ ജൂണിയേഴ്‌സ് റേസിംഗ് ക്ലബ് മല്‍സരത്തിലാണ് ടെല്ലോ ചുവപ്പ് വാരിവിതറിയത്. മല്‍സരത്തില്‍ കളിക്കാര്‍ തമ്മിലുള്ള കൈയ്യാങ്കളിക്കിടെയാണ് റഫറി കാര്‍ഡുകള്‍ പുറത്തെടുത്തത്.

ഫൗളുകളോട് വലിയ വിട്ടുവീഴ്ച്ചയില്ലാത്ത റഫറിയാണ് ടെല്ലോ. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ചെറിയ ഫൗളുകള്‍ പോലും വലിയ കാര്‍ഡുകളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.

അതേസമയം, റഫറിമാര്‍ അനാവശ്യമായി കാര്‍ഡുകള്‍ പ്രയോഗിക്കുന്നതിനെതിരേ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മല്‍സരം നിയന്ത്രിച്ച റഫറിയെ മേലാല്‍ മല്‍സരത്തിന് നിയോഗിക്കരുതെന്ന ആവശ്യം ശക്തമാണ്.

കളിയുടെ ഒഴുക്കിനെ നശിപ്പിക്കുന്ന രീതിയിലാണ് ലാഹോസ് ഇടപെട്ടതെന്ന പരാതി ഫിഫയ്ക്കും ലഭിച്ചിട്ടുണ്ട്. സെമിയും ഫൈനലും അടക്കമുള്ള മല്‍സരങ്ങള്‍ ആരാണ് നിയന്ത്രിക്കുകയെന്ന കാര്യത്തില്‍ തീരുമാനം ഇതുവരെ വന്നിട്ടില്ല.

Related Articles

Back to top button