Football

നെയ്മര്‍ ക്യാംപില്‍ എത്താന്‍ വൈകി; ചതിച്ചത് വിമാനം!

ആറാം ലോകകപ്പ് ഫുട്ബോള്‍ കിരീടം പ്രതീക്ഷിച്ച് ഖത്തറിലേക്ക് പറന്നിറങ്ങാന്‍ ഒരുങ്ങുന്ന ബ്രസീല്‍ ടീം ഇറ്റലിയിലെ ടൂറിനില്‍ ക്യാമ്പ് തുടങ്ങി. ഇറ്റാലിയന്‍ സെരി എ ക്ലബ്ബായ യുവന്റസ് എഫ്സിയുടെ തട്ടകമാണ് ടൂറിന്‍. ബ്രസീലിന്റെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട 26 പേരും തിങ്കളാഴ്ച രാവിലെ ടൂറിനില്‍ എത്തണം എന്നതായിരുന്നു മുഖ്യപരിശീലകന്‍ ടിറ്റെയുടെ നിര്‍ദേശം.

ചില പഠിപ്പിസ്റ്റുകള്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞേ ക്ലാസില്‍ കയറൂ എന്നതുപോലെ ആയിരുന്നു നെയ്മറിന്റെ കാര്യം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മാത്രമാണ് ബ്രസീല്‍ ക്യാമ്പില്‍ സൂപ്പര്‍ താരം നെയ്മര്‍ എത്തിയത്. നെയ്മര്‍ മാത്രമല്ല മാര്‍ക്കീഞ്ഞോസും ഉച്ചകഴിഞ്ഞ് മാത്രമാണ് ക്യാമ്പിനൊപ്പം ചേര്‍ന്നത്. ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബായ പിഎസ്ജിയുടെ കളിക്കാരാണ് നെയ്മറും മാര്‍ക്കീഞ്ഞോസും. പാരീസില്‍നിന്നുള്ള ഇവരുടെ വിമാനം സാങ്കേതിക പ്രശ്നങ്ങളോടെ പറക്കാന്‍ താമസിച്ചതിനാലാണ് ക്യാമ്പില്‍ എത്താന്‍ വൈകിയത്.

മെക്കാനിക്കല്‍ പ്രോബ്ലം ഉണ്ടായതോടെ മറ്റൊരു വിമാനത്തിലാണ് നെയ്മറും മാര്‍ക്കീഞ്ഞോസും ടൂറിനിലേക്ക് പറന്നത്. പറഞ്ഞാല്‍ പറഞ്ഞതാണെന്ന നിലപാടുകാരനാണ് ടിറ്റെ എന്ന് അദ്ദേഹത്തോട് അടുത്തുള്ളവര്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ തിങ്കളാഴ്ച രാവിലെതന്നെ ബ്രസീലിന്റെ ലോകകപ്പ് ക്യാമ്പ് ആരംഭിച്ചു. ആഴ്ചാവസാനം ക്ലബ്ബുകള്‍ക്കായി കളിക്കാതിരുന്ന 14 താരങ്ങളാണ് രാവിലെ നടന്ന പരിശീലന സെഷനില്‍ പങ്കെടുത്തത്. ഉച്ചകഴിഞ്ഞുള്ള ജിം സെഷനില്‍ നെയ്മറും മാര്‍ക്കീഞ്ഞോസും മറ്റ് ടീം അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു.

ക്യാമ്പിന്റെ ആദ്യ രണ്ട് ദിവസം കളിക്കാരുടെ ശാരീരിക ശേഷി നിരീക്ഷിക്കുന്ന പരിശീലനങ്ങള്‍ മാത്രമാണ് നടക്കുക എന്ന് ബ്രസീല്‍ ടെക്നിക്കല്‍ സ്റ്റാഫ് വെളിപ്പെടുത്തി. ബുധനാഴ്ച ടീമിന്റെ ആദ്യ ഫുള്‍ പ്രാക്റ്റീസ് നടക്കും. അഞ്ച് ദിവസം യുവന്റസിന്റെ തട്ടകത്തില്‍ ക്യാമ്പ് ചെയ്തശേഷമാണ് ബ്രസീല്‍ ടീം ദോഹയിലേക്ക് ലോകകപ്പിനായി പറക്കുക. നെയ്മര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടതായുള്ള പ്രഖ്യാപനം കേട്ട് അദ്ദേഹത്തിന്റെ മകന്‍ നടത്തിയ സന്തോഷപ്രകടനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഖത്തര്‍ ലോകകപ്പില്‍ എത്രഗോള്‍ അടിക്കും എന്ന ചോദ്യത്തിന് ചുരുങ്ങിയത് അഞ്ച് എന്നായിരുന്നു നെയ്മര്‍ നേരത്തേ മറുപടി നല്‍കിയത്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോള്‍ എന്ന ഇതിഹാസതാരം പെലെയുടെ ( 77 ) റിക്കാര്‍ഡ് മറികടക്കാന്‍ നെയ്മറിന് ( 75 ) മൂന്ന് ഗോള്‍ കൂടി മതി. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ, സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണ്‍ ടീമുകള്‍ക്ക് ഒപ്പമാണ് ബ്രസീല്‍. 25ന് സെര്‍ബിയയ്ക്ക് എതിരേയാണ് ബ്രസീലിന്റെ ആദ്യ മത്സരം. 2002ല്‍ ആണ് ബ്രസീല്‍ അവസാനമായി ഫിഫ ലോകകപ്പ് സ്വന്തമാക്കിയത്.

Related Articles

Back to top button