CricketFootball

ബിസിസിഐയെ കൈവിട്ട് ബൈജൂസ്; ബ്ലാസ്റ്റേഴ്‌സ് ഡീലും അവസാനിപ്പിച്ചേക്കും!

മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസ് ലോകകപ്പ് ഫുട്‌ബോളും ഇന്ത്യന്‍ ടീമിനെയുമെല്ലാം സ്‌പോണ്‍സര്‍ ചെയ്യുന്ന ശതകോടീശ്വര കമ്പനിയായി വളര്‍ന്നത് ചുരുങ്ങിയ കാലം കൊണ്ടാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി കമ്പനി പതനത്തിന്റെ വഴിയിലാണ്. കോടികളാണ് ഓരോ ദിവസവും കമ്പനിയുടെ നഷ്ടം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കോടികള്‍ മുടക്കി സ്‌പോണ്‍സര്‍ ചെയ്യുന്ന ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങുകയാണ്. കരാറില്‍ നിന്നും പിന്മാറുന്നതായി ബൈജൂസ് ഔദ്യോഗികമായി അറിയിച്ചുവെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. കരാറില്‍ നിന്നും വ്യവസ്ഥകള്‍ പാലിച്ച് ബൈജൂസിന് പിന്‍മാറാമെന്ന് കമ്പനിയെ ബിസിസിഐ അറിയിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം അവസാനം വരെയാണ് ബൈജൂസും ബിസിസിഐയും തമ്മിലുള്ള കരാര്‍. 55 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ഇതില്‍ നിന്നും 2023 മാര്‍ച്ചോടെ പിന്‍വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്. ബിസിസിഐയുമായി കരാറുള്ള ഒപ്പോയേക്കാള്‍ 10 ശതമാനം അധികം തുക ബൈജൂസ് നല്‍കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്.

ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കുന്നത് ഇന്ത്യന്‍ ടീമില്‍ മാത്രം ഒതുങ്ങുകയില്ലെന്നാണ് ലഭിക്കുന്ന വിവരം. ഐഎസ്എല്ലില്‍ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സറും ബൈജൂസാണ്. ഒരു ഫുട്‌ബോള്‍ ടീമിന് ലഭിക്കുന്ന ഏറ്റവും വലിയ സ്‌പോണ്‍സര്‍ തുകയാണ് ബൈജൂസ് ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്നത്.

ഈ സീസണ്‍ അവസാനിക്കുന്നതോടെ ഈ കരാറില്‍ നിന്നും ബൈജൂസ് പിന്‍മാറിയേക്കുമെന്ന സൂചനകള്‍ സ്‌പോര്‍ട്‌സ് ക്യൂവിന് ലഭിക്കുന്നുണ്ട്. അധിക ബാധ്യതകള്‍ ഒഴിവാക്കി സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബൈജൂസിന്റെ ഈ പിന്മാറ്റങ്ങള്‍. അതേസമയം, മറ്റെല്ലാ സ്‌പോണ്‍സര്‍ഷിപ്പുകളും ഒഴിവാക്കി ഏറ്റവും അവസാനം മാത്രമേ ബൈജൂസ് ബ്ലാസ്‌റ്റേഴ്‌സ് ബന്ധം അവസാനിപ്പിക്കുകയുള്ളൂ.
ാേ
ബൈജു രവീന്ദ്രന്റെ മലയാളി ബന്ധം തന്നെയാണ് ഇതിനു കാരണം. ഇടക്കാലത്ത് ഒരു ഐഎസ്എല്‍ ക്ലബ് വാങ്ങാന്‍ പോലും ചര്‍ച്ചകള്‍ നടത്തിയിരുന്നു ബൈജൂസ് ഗ്രൂപ്പ്. ഇപ്പോഴത്തെ തിരിച്ചടികള്‍ കമ്പനിയുടെ നിലനില്‍പ്പിനെ തന്നെ അവതാളത്തിലാക്കിയതോടെയാണ് ബൈജൂസ് പദ്ധതികളെല്ലാം വെട്ടിക്കുറയ്ക്കുന്നത്.

Related Articles

Back to top button