Football

ജര്‍മനിയെയും ഫ്രാന്‍സിനെയും ‘പ്രവചിച്ച്’ വിജയിപ്പിച്ച ക്ലെമന്റ് ഇത്തവണയും പ്രവചിച്ചു വിജയിയെ!

ഖത്തറില്‍ വിജയചരിതം രചിക്കുന്നതാരാവുമെന്ന് ഫുട്‌ബോള്‍ ലോകം ഉറ്റ് നോക്കുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ പ്രീക്വാര്‍ട്ടറിലേക്ക് എത്തി നില്‍ക്കുകയാണ്. ഒരു ടീമിനെയും എഴുതി തള്ളാന്‍ കഴിയില്ല എന്നതാണ് വാസ്തവം. എന്നാല്‍ അര്‍ജന്റീന ആ സുവര്‍ണ കിരീടം ചൂടും എന്ന ക്ലെമെന്റിന്റെ പ്രവചനം സത്യമാവുമോ എന്നാണ് ആരാധകര്‍ ഉറ്റ് നോക്കുന്നത്.

2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയുടെ വിജയവും 2018 ലെ റഷ്യന്‍ ലോകകപ്പിലെ ഫ്രാന്‍സിന്റെ വിജയവും ക്ലെമെന്റ് മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയത്. ലണ്ടന്‍ കേന്ദ്രമായിട്ടുള്ള ഒരു സ്റ്റോക്ക് മാര്‍ക്കറ്റ് അനലിസ്റ്റാണ് ജോകിം ക്ലെമെന്റ്. കളിക്കളത്തിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കി മാത്രമല്ല ക്ലെമെന്റ് തന്റെ പ്രവചനങ്ങള്‍ നടത്തുന്നത്.

ജിഡിപി, രാജ്യത്തെ ജനസംഖ്യ, താപനില എന്നിവയും മാനദണ്ഡങ്ങളാണ്. ഇതെല്ലാം കണക്കു കൂട്ടി ക്ലെമെന്റ് പറയുന്നതാവട്ടെ ഫുട്‌ബോള്‍ ലോകത്തിന്റെ മിശിഹാ തന്റെ കരിയറില്‍ ഒരു ലോകകപ്പ് നേടുമെന്നാണ്. ഫൈനലില്‍ ഹാരി കെയിന്‍ നയിക്കുന്ന ഇംഗ്ലണ്ടാവും എതിരാളികള്‍ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുന്‍പുള്ള രണ്ട് പ്രവചനങ്ങള്‍ ശരിയായിരുന്നു എങ്കിലും 45% മാത്രമാണ് ഈ കണക്കുകൂട്ടലുകള്‍ ശരിയാകാനെന്ന് അദേഹം പറയുന്നു.

പ്രവചനങ്ങള്‍ ഒരു വശത്തുണ്ടെങ്കിലും കിരീടം നേടുക എന്നത് അര്‍ജന്റീനയ്ക്ക് ഒട്ടും എളുപ്പമാവില്ല. അവസാന മത്സരങ്ങളിലേക്ക് എത്തുമ്പോള്‍ നെയ്മറിന്റെ ബ്രസീലും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും, എംബാപ്പേയുടെ ഫ്രാന്‍സുമെല്ലാം വെല്ലുവിളി സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ്. സെമിയിലും ഫൈനലിലും ഈ ടീമുകളില്‍ ആരെയെങ്കിലും അര്‍ജന്റീനയ്ക്ക് നേരിടേണ്ടി വന്നേക്കും.

ക്ലെമെന്റിന്റെ നാവ് പൊന്നാവട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് അര്‍ജന്റൈന്‍ ആരാധകര്‍. പ്രി ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അര്‍ജന്റീന ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിട്ടുണ്ട്.

Related Articles

Back to top button