Football

ഇംഗ്ലണ്ടിന്റെ കഥ നേരത്തേ കഴിയേണ്ടതായിരുന്നു; ആ ലോംഗ് റേഞ്ച് വലയിലാകാതെ പോയത് ദൈവാനുഗ്രഹം…

യുവേഫ യൂറോ കപ്പ് 2024ല്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 90 മിനിറ്റ് വരെ ഒരു ഗോളിനു പിന്നിലായിരുന്ന ഇംഗ്ലണ്ട് ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ഗമിന്റെ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെ 1-1ന് സമനിലയില്‍ എത്തുകയും മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ ഹാരി ഹെയ്ന്റെ ഹെഡര്‍ ഗോളിലൂടെ 2-1നു ജയിക്കുകയുമായിരുന്നു.

ഇംഗ്ലണ്ടിന്റെ തിരിച്ചു വരവ് ജയം ഫുട്ബോള്‍ ആരാധകര്‍ ആഘോഷിച്ചു. ജൂഡ് ബെല്ലിങ്ഗമിന്റെ 90+5 -ാം മിനിറ്റിലെ ബൈസിക്കിള്‍ കിക്ക് ഗോളായിരുന്നു ആരാധകരെ കോരിത്തരിപ്പിച്ചത്.

എന്നാല്‍, 25 -ാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സിന്റെ ഗോളിലൂടെ മുന്നില്‍ പ്രവേശിച്ച സ്ലോവാക്യ 55-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കഥകഴിക്കേണ്ടതായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ ദൈവാനുഗ്രഹവും സ്ലോവാക്യന്‍ ടീമിന്റെ നിര്‍ഭാഗ്യവുമായിരുന്നു 55-ാം മിനിറ്റില്‍ ഫുട്ബോള്‍ ലോകം കണ്ടത്.

25 -ാം മിനിറ്റില്‍ വഴങ്ങിയ ഗോളിന്റെ ക്ഷീണവുമായാണ് ഇംഗ്ലണ്ട് ആദ്യ പകുതിക്കു പിരിഞ്ഞത്. ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ട് നടത്തിയ ഒരു ശ്രമവും ഫലിച്ചില്ല. അതിനിടെ പ്രത്യാക്രമണങ്ങളുമായി സ്ലോവാക്യ ഇടയ്ക്കിടെ ഇംഗ്ലണ്ടിനെ ശല്യം ചെയ്തു.

55-ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന്റെ ദൈവാനുഗ്രഹം ഫുട്ബോള്‍ ലോകം കണ്ടത്. സ്ലോവാക്യന്‍ ഹാഫിലേക്ക് പ്രസ് ചെയ്ത് കളിച്ച ഇംഗ്ലണ്ടിന്റെ ഡിഫെന്‍സ് നിര 55 -ാം മിനിറ്റില്‍ ഉണ്ടായിരുന്നത് മൈതാനത്തിന്റെ മധ്യഭാഗത്തായി. ഇംഗ്ലണ്ടിന്റെ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡ് ബോസ്‌കിനു പുറത്ത് അഡ്വാന്‍സ് ചെയ്തായിരുന്നു അപ്പോഴുണ്ടായിരുന്നത്.

ഇംഗ്ലീഷ് പ്രതിരോധതാരം കെയ്ല്‍ വാക്കറിന്റെ മൈനസ് പാസ് ജോണ്‍ സ്റ്റോണ്‍സിനെ കടന്നു പോയി. മധ്യവരയ്ക്കൊപ്പമായിരുന്ന സ്ലോവാക്യന്‍ സ്ട്രൈക്കര്‍ ഡേവിഡ് സ്ട്രെലെക് കിട്ടിയ അവസരം മുതലാക്കാന്‍ ശ്രമം നടത്തി.

ഇംഗ്ലീഷ് ഡിഫെന്‍സിന്റെ പിഴവില്‍ നിന്ന് ലഭിച്ച പന്ത് ആദ്യശ്രമത്തില്‍ത്തന്നെ നേരിട്ട് ഇംഗ്ലീഷ് പോസ്റ്റിലേക്ക് സ്ട്രെലെക് തൊടുത്തു. അഡ്വാന്‍സ് ചെയ്തു നിന്ന ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോഡിനെ കടന്ന് പന്ത് ഗോള്‍ മുഖത്തേക്ക്.

പിക്ഫോഡ് പിന്നാലെ ഓടുന്നുണ്ടായിരുന്നെങ്കിലും പന്ത് പിടിച്ചെടുക്കാന്‍ സാധിക്കില്ലായിരുന്നു. സ്ലോവാക്യയുടെ നിര്‍ഭാഗ്യവും ഇംഗ്ലണ്ടിന്റെ ദൈവാനുഗ്രഹവുമായി ആ പന്ത് പോസ്റ്റിന്റെ വലത് വശത്തുകൂടി പുറത്തേക്ക് പോയി. 35 യാര്‍ഡ് ദൂരെനിന്ന് സ്ട്രെലെക് തൊടുത്ത ആ ലോംഗ് റേഞ്ച് വലയിലായിരുന്നെങ്കില്‍ ഇംഗ്ലണ്ടിനു പകരം സ്ലൊവാക്യ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുമായിരുന്നു. എന്നാല്‍, അതു സംഭവിച്ചില്ല.

ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ അട്ടിമറിച്ചാണ് സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ജൂലൈ ആറിന് ഇന്ത്യന്‍ സമയം രാത്രി 9.30നാണ് ഇംഗ്ലണ്ട്-സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ഫൈനല്‍.

Related Articles

Back to top button