Cricket

പാക് പിച്ചിനെ കളിയാക്കി റൂട്ടിന്റെ ബാറ്റിംഗ് മാറ്റം; എന്നിട്ടും പുറത്താക്കാനായില്ല!!

പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് നടക്കുന്ന റാവല്‍പിണ്ടിയിലെ പിച്ചിനെ വിമര്‍ശിക്കാത്തവര്‍ പാക്കിസ്ഥാനില്‍ പോലും കാണില്ലെന്ന അവസ്ഥയാണ്. ബൗളര്‍മാര്‍ക്ക് ഒരു ചെറിയ പിന്തുണ പോലും കിട്ടാത്ത പിച്ചില്‍ സെഞ്ചുറികള്‍ ചവറുപോലെ പിറക്കുകയാണ്. ഇംഗ്ലണ്ട് രണ്ടിന്നിംഗ്‌സിലും 6 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്താണ് പിച്ചിനെ പരിഹസിച്ചത്.

ടെസ്റ്റിന്റെ നാലാംദിനം പാക് ബൗളര്‍മാരെയും പിച്ചിനെയും കളിയാക്കാന്‍ ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട് തെരഞ്ഞെടുത്തത് ഇടംകൈയനായി ബാറ്റുവീശുകയെന്നതാണ്. ഇംഗ്ലണ്ട് ഇന്നിംഗ്‌സിലെ 23മത്തെ ഓവറിലാണ് റൂട്ട് സ്ഥിരം റൂട്ട് മാറ്റി ബാറ്റ് വീശിയത്.

സ്പിന്നര്‍ സാഹിര്‍ മഹമ്മൂദിനെതിരേയാണ് റൂട്ട് ഇടംകൈയില്‍ ബാറ്റു വീശിയത്. ആദ്യ പന്ത് തന്നെ സ്വീപ്പ് ഷോട്ട് കളിക്കാനാണ് റൂട്ട് ശ്രമിച്ചത്. തൊട്ടടുത്ത പന്തിലും അതേ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ഫീല്‍ഡര്‍ നസീം ഷായുടെ കൈയില്‍ നിന്ന് വഴുതി പോയി.

അതേസമയം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. 343 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ പാക്കിസ്ഥാന്‍ രണ്ടു വിക്കറ്റിന് 80 റണ്‍സെന്ന നിലയിലാണ്. ഇനി എട്ടു വിക്കറ്റ് ശേഷിക്കെ 263 റണ്‍സ് കൂടി ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണം. ഇമാം ഉള്‍ഹഖ് (43), സൗദ് ഷക്കീല്‍ (24) എന്നിവരാണ്.

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റിന് 264 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 69 പന്തില്‍ 73 റണ്‍സെടുത്ത റൂട്ടും 65 പന്തില്‍ 87 റണ്‍സെടുത്ത ഹാരി ബ്രൂക്ക്‌സുമാണ് തിളങ്ങിയത്. വെറും 35.5 ഓവറിലാണ് ടീം 264 റണ്‍സടിച്ചു കൂട്ടിയത്.

Related Articles

Back to top button