Football

അര്‍ജന്റീനയുടെ ടേണിംഗ് പോയിന്റ് ആ ‘കുടച്ചില്‍’ തന്നെ

ഇത്തവണ അര്‍ജന്റീനയും മെസിയും കപ്പുയര്‍ത്തിയാല്‍ അതിന്റെ ക്രെഡിറ്റ് സൗദി അറേബ്യയ്ക്കും കൂടി അവകാശപ്പെട്ടതാണ്. ആദ്യ മല്‍സരത്തില്‍ മെസിപ്പടയെ എടുത്തു കുടഞ്ഞ് ഉണര്‍ത്തിയതിന് തന്നെ. ഗ്രൂപ്പ് ഘട്ടത്തിലെ ഏകപക്ഷീയമായി പോയേക്കാവുന്ന ഒരു മല്‍സരത്തില്‍ നിന്ന് അര്‍ജന്റീനയെ ഉണര്‍ത്തിയ തോല്‍വി തന്നെയാണ് അവരുടെ മുന്നോട്ടുള്ള കുതിപ്പിനെ തട്ടിയുണര്‍ത്തിയതും.

ഇതിഹാസ താരങ്ങള്‍ എപ്പോഴും പ്രതിസന്ധികള്‍ മുന്നില്‍ നിന്നു നയിക്കുന്നവരാകും. ഇവിടെ മെസിയുടെയും അര്‍ജന്റീനയുടെയും കുതിപ്പും ഏതാണ്ട് സമാനമാണ്. തോല്‍വിയോ സമനിലയോ പോലും പുറത്തേക്കുള്ള വഴി തുറന്നേക്കുമെന്ന അവസ്ഥയിലാണ് അവര്‍ മെക്‌സിക്കോയെയും പോളണ്ടിനെ എതിരിട്ടതും ജയിച്ചു കയറിയതും.

ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ സൗദിയില്‍ നിന്നും വല്ലാത്തൊരു ഷോക്ക് കിട്ടിയത് സത്യത്തില്‍ അര്‍ജന്റീനയ്ക്ക് അനുഗ്രഹമാകുകയാണ് ചെയ്തത്. കളിക്കാരെ പിടിച്ചുണര്‍ത്താന്‍ ഈയൊരു തോല്‍വി സഹായിച്ചു. കളിക്കാരില്‍ പോരാട്ടവീര്യം കുത്തിവയ്ക്കാന്‍ കോച്ചിന് വേറെ മരുന്നൊന്നും തേടേണ്ടി വന്നില്ല. അര്‍ജന്റീനയ്ക്ക് ഗുണമാകുന്നതും ആ തോല്‍വി തന്നെ.

അവസാന മല്‍സരത്തില്‍ തോറ്റെങ്കിലും ബ്രസീലിനോ ഫ്രാന്‍സിനോ ഒന്നും അത്തരത്തിലൊരു മരണമുഖത്ത് നിന്നും തിരിച്ചെത്തേണ്ട അവസ്ഥ വന്നിട്ടില്ല. അതുകൊണ്ട് തന്നെ അവര്‍ നോക്കൗട്ടില്‍ അത്തരത്തിലൊരു അവസ്ഥയില്‍ അകപ്പെട്ടാല്‍ ചിലപ്പോള്‍ അതിജീവിക്കണമെന്നില്ല.

ഓരോ മല്‍സരം കഴിയുന്തോറും അര്‍ജന്റീനയും മെസിയും കൂടുതല്‍ കൂടുതല്‍ അപകടകാരികളായി മാറുകയാണ്. ടീം സെറ്റായി കൊണ്ടിരിക്കുന്നു. ബലഹീനതകള്‍ ഒന്നൊന്നായി അവര്‍ പരിഹരിക്കുന്നു. കൂടുതല്‍ ഏകാഗ്രതയോടെ മുന്നോട്ട് പോകുന്ന ഈ മെസിപ്പടയെ പേടിക്കേണ്ടിയിരിക്കുന്നു.

Related Articles

Back to top button