Football

ഫൈനല്‍ ടിക്കറ്റിന് കരിഞ്ചന്തയില്‍ വില 11 ലക്ഷത്തിന് മുകളില്‍; ആരാധകര്‍ കലിപ്പില്‍!

ലോകകപ്പില്‍ ഫൈനലില്‍ തങ്ങളുടെ രാജ്യം ഫ്രാന്‍സിനെ നേരിടുന്നത് കാണാന്‍ ഖത്തറിലേക്ക് അര്‍ജന്റീന ആരാധകരുടെ ഒഴുക്ക്. 30,000 ത്തില്‍പ്പരം ആരാധകര്‍ ഇതിനകം ഖത്തറിലെത്തിയെന്നാണ് കണക്ക്. ഓരോ ദിവസവും വിമാനത്തില്‍ വന്നിറങ്ങുന്ന ആരാധകരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.

അതേസമയം ദോഹയില്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളും ആരാധകരും തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തിട്ടുണ്ട്. ദോഹയില്‍ അസോസിയേഷന്‍ പ്രതിനിധികള്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തങ്ങള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍ അസോസിയേഷന്‍ ഇടപെടണമെന്നാണ് ആരാധകരുടെ ആവശ്യം. കരിഞ്ചന്തയില്‍ ടിക്കറ്റ് വന്‍തോതില്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഫൈനലിസ്റ്റുകളായ രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കാന്‍ അസോസിയേഷന്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നാണ് ആരാധകരുടെ ആരോപണം.

കരിഞ്ചന്തയില്‍ ഒരു ടിക്കറ്റിന് 11 ലക്ഷം രൂപ വരെ വിലയ്ക്ക് വില്‍ക്കുന്നതായി വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ കരിഞ്ചന്തയില്‍ നിന്ന് ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഫൈനല്‍ കാണാനായി ഫ്രാന്‍സില്‍ നിന്നും നിരവധി പേര്‍ വന്നിറങ്ങുന്നുണ്ട്. 88,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. സ്റ്റേഡിയത്തില്‍ കളി കാണാന്‍ പറ്റാത്തവര്‍ക്കായി സ്റ്റേഡിയത്തിന് പുറത്ത് നിരവധി സ്‌ക്രീനിംഗുകള്‍ നടത്താനുള്ള നീക്കത്തിലാണ് സംഘാടകര്‍.

Related Articles

Back to top button