Football

ബ്രസീലുകാര്‍ക്ക് ചെറിയ മനംമാറ്റം; ഫൈനലില്‍ അര്‍ജന്റീനയിലേക്ക് ചാഞ്ചാട്ടം!!

ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സും അര്‍ജന്റീനയും ഏറ്റുമുട്ടും മലയാളികള്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ അര്‍ജന്റീനയ്ക്കായിരിക്കും. കാരണം, ഫ്രാന്‍സിനേക്കാള്‍ ആരാധകര്‍ കൂടുതല്‍ മെസിക്കും കൂട്ടര്‍ക്കും തന്നെ. എന്നാല്‍ ബദ്ധവൈരികളായ ബ്രസീലില്‍ അര്‍ജന്റീന കപ്പടിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം എത്രയാകും?

ഫുട്‌ബോളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ദൂരം വളരെയധികമാണ്. ലാറ്റിനമേരിക്കയില്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ദൂരം കുറവാണെങ്കിലും ഫുട്‌ബോളിലേക്ക് വരുമ്പോള്‍ ആരാധകര്‍ ശത്രുപക്ഷത്തെന്ന പോലെ നിലയുറപ്പിക്കും.

ഇപ്പോഴിതാ ബ്രസീലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ത്ത് ആന്‍ഡ് ഡേറ്റ അനാലിസിസ് നടത്തിയ സര്‍വേയിലെ പഠനങ്ങള്‍ ഏവര്‍ക്കും കൗതുകം പകരുന്നതാണ്.

സര്‍വേ ഫലം അനുസരിച്ച് 33 ശതമാനം ബ്രസീലുകാര്‍ അര്‍ജന്റീന കിരീടം ചൂടണമെന്ന് ആഗ്രഹിക്കുന്നു. ഇത് അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. അതേസമയം, 60 ശതമാനം പേരും അര്‍ജന്റീന തോറ്റു കാണാന്‍ ആഗ്രഹിക്കുന്നവരാണ്. മെസിയോടുള്ള സ്‌നേഹവും ആരാധനയുമാണ് പലരെയും അര്‍ജന്റീന ഫാന്‍സാക്കി മാറ്റുന്നത്.

ഫൈനല്‍ വരെ നില്‍ക്കാന്‍ വേണ്ടി ഖത്തറിലെത്തിയ പല ബ്രസീലുകാരും (ബ്രസീലില്‍ നിന്ന് വന്നവര്‍) അര്‍ജന്റീനയെ പിന്തുണയ്ക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി. തങ്ങള്‍ ഫുട്‌ബോളില്‍ ശത്രുക്കളാണെങ്കിലും ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളോടുള്ള താല്‍പര്യക്കുറവും അര്‍ജന്റീനയ്ക്ക് പിന്തുണ കിട്ടാന്‍ കാരണമായിട്ടുണ്ട്.

ലാറ്റിനമേരിക്കയില്‍ നിന്നൊരു രാജ്യം കിരീടം നേടുന്നത് തങ്ങള്‍ക്കും അഭിമാനമാണെന്ന് പല ബ്രസീലുകാരും അഭിപ്രായപ്പെട്ടതായി സര്‍വേ നടത്തിയവര്‍ പറയുന്നു. ബ്രസീലിയന്‍ നഗരങ്ങളില്‍ മെസിയുടെ ജേഴ്‌സി അണിഞ്ഞ് നടക്കുന്ന നിരവധി പേരെ കണ്ടതായും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച്ചയാണ് അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍.

Related Articles

Back to top button