Football

ഫ്രഞ്ച് ക്യാംപില്‍ ആശങ്ക വിതച്ച് കൂടുതല്‍ താരങ്ങള്‍ രോഗക്കിടക്കയില്‍!!

അജ്ഞാത വൈറസിന്റെ വ്യാപനം ഫ്രാന്‍സിന്റെ ലോകകപ്പ് ക്യാംപില്‍ ഭീതി പടര്‍ത്തുന്നു. ലോകകപ്പ് ഫൈനലിനെ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കളിക്കാര്‍ ഓരോരുത്തരായി രോഗക്കിടക്കയിലാകുകയാണ്. പുതുതായി രണ്ട് താരങ്ങള്‍ക്ക് കൂടി വൈറസ് ബാധിച്ചതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ കിംഗ്സ്ലി കോമന്‍ വൈറസ് ബാധിച്ച് പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. കോമാനെ ഒറ്റയ്ക്ക് ഒരു മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റ് താരങ്ങളുമായി സമ്പര്‍ക്കം അനുവദിക്കുന്നതുമില്ല. ഇപ്പോഴിതാ വെള്ളിയാഴ്ച്ച രണ്ട് താരങ്ങള്‍ക്ക് കൂടി അസുഖം പിടിപ്പെട്ടിരിക്കുന്നു.

റാഫേല്‍ വരാനെ, ഇബ്രാഹിമ എന്നിവര്‍ക്കാണ് പുതിയതായി വൈറസ് ബാധിച്ചത്. ഇരുവരും വെള്ളിയാഴ്ച്ച പരിശീലനത്തിന് ഇറങ്ങിയില്ല. ഇവരുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ടീം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവര്‍ക്കും ഫൈനല്‍ കളിക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്.

വ്യാഴാഴ്ച്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ കോച്ച് ദിദിയെം ദെഷാംപ്‌സ് തന്നെ ടീം ക്യാംപിലെ അജ്ഞാത അതിഥിയിലുള്ള ഭയം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ അതീവ ജാഗ്രതയോടെയാണ് മുന്നോട്ടു പോകുന്നതെന്ന് കോച്ച് വ്യക്തമാക്കി. അഡ്രിയന്‍ റാബിയോട്ട്, ഉപമെക്കാനോ എന്നിവര്‍ക്ക് ഈ വൈറസ് ബാധിച്ചിരുന്നു. ഇരുവരും പരിശീലനം വീണ്ടും തുടങ്ങിയിട്ടുണ്ട്.

സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ ചിലര്‍ക്കും ഇതേ പ്രശ്‌നങ്ങളുണ്ട്. ഈ വൈറസ് ബാധിക്കുന്നവര്‍ക്ക് വലിയ ക്ഷീണം അനുഭവപ്പെടുന്നതായും കോച്ച് വെളിപ്പെടുത്തി. മുഴുവന്‍ സമയം എയര്‍കണ്ടീഷനിലാണ് കളിക്കാരെ പാര്‍പ്പിച്ചിരിക്കുന്നതെന്നും കോച്ച് വ്യക്തമാക്കി.

ഖത്തറില്‍ കളി കാണാനെത്തിയ നിരവധി യൂറോപ്യന്‍ ആരാധകര്‍ക്കും സമാനമായ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം. യൂറോപ്പിലെ കാലാവസ്ഥയുമായുള്ള വ്യത്യാസമായിരിക്കാം കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഡിസംബര്‍ 18ന് ഇന്ത്യന്‍ സമയം രാത്രി 8:30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ലാറ്റിന്‍ അമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീന നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനോട് ഏറ്റുമുട്ടുന്നത്. തുടര്‍ച്ചയായി കിരീടനേട്ടമാണ് ഫ്രാന്‍സ് ലക്ഷ്യമിടുന്നത്.

Related Articles

Back to top button