Football

വമ്പന്‍ ട്വിസ്റ്റ്, റൊണാള്‍ഡോയെ കളിപ്പിച്ചേക്കില്ലെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍!

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ സംഭവിക്കാനൊരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റോ…? മുന്‍ ലോക ഫുട്ബോളറും രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരനുമായ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കൂട്ടാതെ പോര്‍ച്ചുഗല്‍ ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുമോ…? ഖത്തര്‍ ലോകകപ്പ് കിക്കോഫിനു ദിനങ്ങള്‍ മുമ്പുതന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാദ നായകനായിരുന്നു.

ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കളിക്കാരനായ റൊണാള്‍ഡോ, ഒരു അഭിമുഖത്തില്‍ ക്ലബ്ബിനും മുഖ്യ പരിശീലകന്‍ എറിക് ടെന്‍ ഹഗിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ അലയൊലികള്‍ പോര്‍ച്ചുഗല്‍ ടീമിലും ഉണ്ടായതായാണ് സൂചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മറ്റൊരു പോര്‍ച്ചുഗീസ് താരമായ ബ്രൂണോ ഫെര്‍ണാണ്ടസും റൊണാള്‍ഡോയും തമ്മില്‍ അത്ര സരത്തില്‍ അല്ലെന്നുള്ള റിപ്പോര്‍ട്ടും വീഡിയോയും പുറത്തുവരുകയും ചെയ്തു.

റൊണാള്‍ഡോ ആരാധകരെ ചൊടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടാതെ പോര്‍ച്ചുഗല്‍ കളത്തില്‍ ഇറങ്ങിയേക്കും എന്ന് സൂചന. ഇക്കാര്യം പോര്‍ച്ചുഗല്‍ മുഖ്യപരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസാണ് സൂചിപ്പിച്ചതെന്നതും ശ്രദ്ധേയം.

അഞ്ച് തവണ ലോക ഫുട്ബോളറിനുള്ള ബാലന്‍ ദി ഓര്‍ സ്വന്തമാക്കിയ റൊണാള്‍ഡോയെ പുറത്തിരുത്തി ടീമിനെ ഇറക്കാന്‍ മടിക്കില്ലെന്നായിരുന്നു സാന്റോസ് വ്യക്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീമില്‍ കളിപ്പിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് സാന്റോസ് ഇക്കാര്യം സൂചിപ്പിച്ചത്.

സമ്മര്‍ദ്ദം…? എനിക്ക് സമ്മര്‍ദ്ദമൊന്നും ഇല്ല. ഒരു കാര്യത്തിലും ഒരു നിര്‍ബന്ധവും ഇല്ല. ആരും ആരെയും നിര്‍ബന്ധിച്ച് ഒന്നും ഇവിടെ ചെയ്യിക്കുന്നില്ല. റൊണാള്‍ഡോ ഇല്ലാതെ ഒരു പ്ലേയിംഗ് ഇലവന്‍ സാധ്യവുമാണ്- സാന്റോസ് പറഞ്ഞു.

ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായി നടന്ന അവസാന സന്നാഹമത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. മത്സരത്തില്‍ 4-0ന് ജയിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ 24-ാം തീയതി ഇന്ത്യന്‍ സമയം രാത്രി 9.30ന് ഘാനയ്ക്ക് എതിരേയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വെ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് പോര്‍ച്ചുഗലിനും ഘാനയ്ക്കും ഒപ്പം ഉള്ളത്.

Related Articles

Back to top button