Football

‘എല്‍സാ, ഇനിയാണ് കളി, നീ അവിടെ തകര്‍ക്ക്, ഞങ്ങളിവിടെ തകര്‍ക്കാം’

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവംബറിലെ ഒരു തണുത്ത രാത്രിയില്‍ കാല്‍പന്തിനെ ജീവനോളം സ്നേഹിച്ച ഒരു പയ്യന്‍ ടര്‍ഫിലെ കളിക്കിടെ കുഴഞ്ഞുവീഴുന്നു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വയനാടിന്റെ ആരോഗ്യമേഖലയിലെ ദുരവസ്ഥ ആ യുവാവിന്റെ ജീവനെടുത്തു. അന്നൊരു ഐ.സി.യു ആംബുലന്‍സുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്കൊപ്പം അവനുമിന്ന് ലോകകപ്പിന്റെ ആവേശത്തിലുണ്ടാകുമായിരുന്നെന്ന് അവന്റെ കൂട്ടുകാര്‍ കണ്ണീരോടെ പറയുന്നു.

തങ്ങളുടെ കൂട്ടുകാരന്റെ വിയോഗം മനസിലുണ്ടാക്കിയ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ലെങ്കിലും തങ്ങളുടെ ഫുട്ബോള്‍ ആഘോഷങ്ങളില്‍ പ്രിയപ്പെട്ടവനെ കൂടി ചേര്‍ത്ത് പിടിക്കുകയാണ് വയനാട്ടിലെ മാണ്ടാട് പ്രദേശത്തെ ഒരുകൂട്ടം യുവാക്കള്‍. അര്‍ജന്റീനയുടെ കടുത്ത ആരാധകാനായ പ്രിയപ്പെട്ടവന് വേണ്ടി അവര്‍ വലിയൊരു കട്ടൗട്ടുണ്ടാക്കി.

അതില്‍ 10 അടി ഉയരത്തില്‍ അര്‍ജന്റീനയുടെ 10ാം നമ്പര്‍ ജഴ്സിയുമണിഞ്ഞ് പുഞ്ചിരിച്ച് നില്‍ക്കുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട എല്‍സണെന്ന മെസിയുടെ വലിയ ആരാധകനായ ഫുട്ബോള്‍ താരം. അതിലിവര്‍ ഇങ്ങിനെ കൂടിയെഴുതി. ‘എല്‍സാ… ഇനിയാണ് കളി.. നീ അവിടെ തകര്‍ക്ക്… ഞങ്ങളിവിടെ തകര്‍ക്കാം… നാടെങ്ങും പ്രിയ താരങ്ങളുടെയും ഫ്ളക്സുകള്‍ ഉയരുമ്പോള്‍ പ്രിയ സുഹൃത്തിന്റെ മരിക്കാത്ത ഓര്‍മ്മകളില്‍ മറ്റൊരു ഫുട്ബോള്‍ വേള്‍ഡ് കപ്പിനെ വരവേല്‍ക്കുകയാണ് മാണ്ടാടുകാര്‍.

2019 നവംബര്‍ മാസത്തിലാണ് എല്‍സണ്‍ ലോകത്തോട് വിട പറഞ്ഞത്. 2022 മറ്റൊരു നവംബറില്‍ ഫുട്ബോള്‍ ലോകകപ്പ് വരുമ്പോള്‍ ഫുട്ബോളിനെ ഏറെ സ്നേഹിച്ച എല്‍സണ്‍ വാമോസ് അര്‍ജന്റീന എന്ന് ഉറക്കെ വിളിക്കാന്‍ കൂടെയുണ്ടാവുമെന്ന വിശ്വാസത്തിലാണ് കുട്ടുകാര്‍.

കൂട്ടുകാരന്‍ തങ്ങളില്‍ നിന്ന് അകന്നു പോയെങ്കിലും അവന്‍ കളി കാണാന്‍ കൂടെയുണ്ടെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്. സ്വന്തം ടീമിനെ സപ്പോര്‍ട്ട് ചെയ്യാനും എതിര്‍ ടീം തോറ്റാലും അവരെ കളിയാക്കാനും അവന്‍ അദൃശ്യമായി കൂടെയുണ്ടാകുമെന്നും സുഹൃത്തുക്കള്‍ വിശ്വസിക്കുന്നു.

ക്രിക്കറ്റ് മാത്രം ആവേശമായി കൊണ്ടു നടന്നിരുന്ന യുവാക്കളുടെ ഇടയിലേക്ക് ഫുട്ബോളിന്റെ ആവേശത്തെ എത്തിച്ച എല്‍സണ്‍ എങ്ങനെയാണ് ഞങ്ങളുടെ കൂടെ ഇല്ലാതെയാവുക എന്നാണ് ഇവര്‍ ചോദിക്കുന്നത്. പ്രിയപ്പെട്ട കൂട്ടുകാരന്റെ ഓര്‍മ്മയ്ക്ക് അര്‍ജന്റീന ആരാധകരുടെ വക മാത്രമല്ല ബ്രസീല്‍ ആരാധകരുടെ വകയും ഫ്ളക്സ് പൊങ്ങുന്നുണ്ട്. അവസാന ലോകകപ്പില്‍ ടീമിന് വേണ്ടി ജയ് വിളിക്കാനും എതിര്‍ ടീമുകളോട് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടാനും എല്‍സണ്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന് വേണ്ടി മെസി ഇത്തവണത്തെ വേള്‍ഡ് കപ്പ് നേടുമെന്ന് കൂട്ടുകാര്‍ പറയുന്നു.

Related Articles

Back to top button