Cricket

കോച്ച് തെരഞ്ഞെടുപ്പില്‍ വീണ്ടും ട്വിസ്റ്റ് !! ഒരേ സമയം ഗംഭീറിനെയും ഡബ്ല്യു വി രാമനെയും തെരഞ്ഞടുക്കാനുള്ള നീക്കവുമായി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക്് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗൗതം ഗംഭീര്‍ എത്തുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയായിരുന്നു മുന്‍ താരം ഡബ്ല്യു വി രാമന്റെ രംഗപ്രവേശം.

ഗംഭീറിനൊപ്പം രാമനെയും ഇന്റര്‍വ്യൂ ചെയ്തതോടെ ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് ഒരു എത്തുംപിടിയുമില്ലാതെയായി. ഇപ്പോഴിതാ ഗൗതം ഗംഭീറിനെയും ഡബ്ല്യു വി രാമനെയും ഒരേസമയം പരിശീലകനാക്കാന്‍ ബിസിസിഐ നീക്കമിടുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

ഇരുവരുടയെും അഭിമുഖം പൂര്‍ത്തിയാക്കിയശേഷമാണ് എന്തുകൊണ്ട് രണ്ടുപേരെയും പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിക്കൂടാ എന്ന നിര്‍ദേശം ബിസിസിഐക്ക് മുമ്പാകെ എത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യത്യസ്ത രീതിയില്‍ രണ്ടുപേരെയും ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. പരിശീലകന്‍ എന്ന നിലയില്‍ ഏറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ഡബ്ല്യു വി രാമന്‍.

ഗംഭീറിന് പരിശീലകനായുള്ള പരിചയസമ്പത്തില്ലെങ്കിലും ഐപിഎല്ലില്‍ മൂന്ന് സീസണുകളിലായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ മെന്ററായിരുന്നു.

ഈ അവസരങ്ങളില്‍ ഈ ടീമുകള്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. ഇക്കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത ഐപിഎല്‍ ചാമ്പ്യന്മാരാവുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഗംഭീറിനെ മുഖ്യ പരിശീലകനാക്കുന്നതിനൊപ്പം കോച്ചിംഗിലെ പരിചയ സമ്പത്ത് ഉപയോഗിക്കാനായി രാമനെ ബാറ്റിംഗ് കോച്ച് ആക്കുന്നതിനെക്കുറിച്ചാണ് ബിസിസിഐ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെസ്റ്റ് മത്സരങ്ങളില്‍ രാമന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

2018-2021 കാലയളവില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനായിരുന്ന ഡബ്ല്യു വി രാമന്‍ 2006ല്‍ തമിഴ്‌നാട് ടീമിന്റെ പരിശീലകനായാണ് കോച്ചിംഗ് കരിയര്‍ തുടങ്ങിയത്.

യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ തന്റെ മികവ് ഇതിനോടകം തെളിയിക്കാന്‍ രാമന് കഴിഞ്ഞിട്ടുണ്ട്. നിലവിലെ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിക്ക് പകരം ബംഗാള്‍ ടീമിന്റെയും പരിശീലകനായി രാമന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2013ലെ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ പരിശീലകനായിരുന്ന രാമന്‍ 2015ല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് പരിശീലകനുമായിരുന്നു.

വെസ്റ്റ് ഇന്‍ഡീസില്‍ നടന്നു കൊണ്ടിരിക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷം തലമുറമാറ്റം പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ രാമന്റെ സേവനം കൂടി എങ്ങനെ ഉപയോഗിക്കാമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്.

അതേസമയം, തന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെ നിശ്ചയിക്കാനുള്ള അധികാരം തനിക്ക് നല്‍കണമെന്ന ഉപാധി ഗംഭീര്‍ ബിസിസിഐയ്ക്കു മുമ്പാകെ വച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അങ്ങനെയെങ്കില്‍ ബിസിസിഐയുടെ പുതിയ നിര്‍ദേശത്തോടെ ഗംഭീര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതും നിര്‍ണായകമാണ്.

ഈ മാസം അവസാനത്തോടെപുതിയ പരിശീലകനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.

Related Articles

Back to top button