Cricket

വന്‍ അട്ടിമറി!! ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് അമേരിക്കന്‍ പടയോട്ടം!

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ അട്ടിമറി അമേരിക്കയില്‍. ബംഗ്ലാദേശിനെതിരേ സ്വന്തം നാട്ടില്‍ നടക്കുന്ന ട്വന്റി-20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അമേരിക്കയ്ക്ക് നാടകീയജയം. അവസാന ഓവര്‍ വരെ അനിശ്ചിതത്വം നിറഞ്ഞുനിന്ന പോരാട്ടത്തില്‍ 3 പന്ത് ശേഷിക്കെ 5 വിക്കറ്റിനാണ് ആതിഥേയര്‍ അട്ടിമറി നടത്തിയത്. സ്‌കോര്‍: ബംഗ്ലാദേശ് 153-6, അമേരിക്ക 156-5 (19.3 ഓവറില്‍).

അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക ടെസ്റ്റ് പദവിയുള്ള ഒരു ടീമിനെ തോല്‍പ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. അടുത്തമാസം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് സഹആതിഥേയത്വം വഹിക്കുന്നത് അമേരിക്കയാണ്. ഈ ജയം അമേരിക്കക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള താല്പര്യം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവസാന ഓവറുകള്‍ വരെ ബംഗ്ലാദേശിന്റെ കൈയിലിരുന്ന മല്‍സരമാണ് കോറി ആന്‍ഡേഴ്‌സണും ഹര്‍മീത് സിംഗും ചേര്‍ന്ന് അമേരിക്കയുടെ പക്കലെത്തി. 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റിന് 116 റണ്‍സെന്ന നിലയിലായിരുന്നു അമേരിക്ക. അവസാന 18 പന്തില്‍ വേണ്ടിയിരുന്നത് 38 റണ്‍സ്.

ഏറെക്കുറെ അസാധ്യമെന്ന് തോന്നിച്ചിടത്തു നിന്നും അമേരിക്ക കളി തിരിച്ചുപിടിക്കുകയായിരുന്നു. ഷൊറിഫൂള്‍ ഇസ്ലാം എറിഞ്ഞ പതിനെട്ടാം ഓവറില്‍ 14 റണ്‍സ് നേടിയ ഇരുവരും വിജയലക്ഷ്യം 12 പന്തില്‍ 24 റണ്‍സെന്ന നിലയിലേക്ക് എത്തിച്ചു. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയത് ഐപിഎല്ലില്‍ തകര്‍ത്തു കളിച്ച മുസ്താഫിസൂര്‍ റഹ്‌മാന്‍.

എന്നാല്‍ ഈ ഓവറില്‍ തകര്‍പ്പനൊരു സിക്‌സറോടെ ഹര്‍മീത് സിംഗ് കളി അമേരിക്കന്‍ കൈയിലാക്കി. അവസാന ഓവറില്‍ 9 റണ്‍സിലേക്ക് കളി എത്തി. പന്തെറിയാനെത്തിയത് സ്പിന്നര്‍ മൊഹമ്മദുള്ള. ആദ്യ പന്ത് തന്നെ ആകാശംവഴി ഗ്യാലറിയിലെത്തിച്ച് ആന്‍ഡേഴ്‌സണ്‍ ജയത്തിനരികെയെത്തിച്ചു. മൂന്നാംപന്ത് ബൗണ്ടറി കടത്തി ഹര്‍മീത് ചരിത്രനിമിഷം ആഘോഷിച്ചു.

13 പന്തില്‍ 3 സിക്‌സറുകളും 2 ഫോറും അടക്കം 33 റണ്‍സെടുത്ത ഹര്‍മീത് ആണ് കളിയിലെ താരം. മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടറായിരുന്ന ആന്‍ഡേഴ്‌സണ്‍ 25 പന്തില്‍ 34 റണ്‍സെടുത്ത് ജയത്തില്‍ നിര്‍ണായക സംഭാവന നല്കി.

നേരത്തെ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ 6 വിക്കറ്റിന് 153 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. 47 പന്തില്‍ 58 റണ്‍സെടുത്ത തൗഹിത് ഹൃദ്രോയിയും മഹമ്മദുള്ളയും (22 പന്തില്‍ 31) മാത്രമാണ് കാര്യമായി സ്‌കോര്‍ ചെയ്തത്. പരമ്പരയില്‍ 2 മല്‍സരം കൂടി അവശേഷിക്കുന്നുണ്ട്.

Related Articles

Back to top button