Cricket

ബഹുമാനം ചോദിച്ചു വാങ്ങേണ്ടുന്നതല്ല !! ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി എംഎസ് ധോണി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരം തോറ്റ് പ്ലേഓഫ് കാണാതെ പുറത്തായതിനു ശേഷം എതിര്‍ ടീമിലെ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാതെ പോയ എംഎസ് ധോണിയുടെ നടപടി വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.

ധോണി കാണിച്ചത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയാണെന്നാണ് പരക്കെ ഉയര്‍ന്ന ആരോപണം. മുന്‍ താരങ്ങളും ആരാധകരുമടക്കമുള്ളവര്‍ ധോണിയുടെ പ്രവൃത്തിയ്‌ക്കെതിരേ രംഗത്തു വരികയും ചെയ്തു.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം. ആരോടും ബഹുമാനം ചോദിച്ച് വാങ്ങരുതെന്നും ആരെയും ബഹുമാനിക്കാന്‍ നിര്‍ബന്ധിക്കരുതെന്നുമായിരുന്നു ധോണിയുടെ പ്രതികരണം.

ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും അഭിമുഖീകരിക്കേണ്ടിവരും. വിജയങ്ങള്‍ നേടുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നത് എല്ലാവര്‍ക്കും അറിയാം.

എന്നാല്‍ പരാജയപ്പെടുമ്പോഴാണ് യഥാര്‍ത്ഥ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരിക. ഒരു ടീമിനെ നയിക്കുമ്പോള്‍ ബഹുമാനം ആവശ്യമാണ്.

കാരണം ആ ടീമിലെ ബഹുമാനിക്കപ്പെടേണ്ട പൊസിഷനിലാണ് ക്യാപ്റ്റന്റെ ജോലി. എന്നാല്‍ ആ പൊസിഷനില്‍ ഇരിക്കുന്നതുകൊണ്ട് മാത്രം തന്നെ ബഹുമാനിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ ക്യാപ്റ്റന് കഴിയില്ലെന്നും ധോണി പറഞ്ഞു.


ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് 27 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് 219 റണ്‍സ് വിജയലക്ഷ്യമാണ് ചെന്നൈയ്ക്കു മുമ്പില്‍ ഉയര്‍ത്തിയത്.

പ്ലേ ഓഫിലെത്താന്‍ അവര്‍ക്ക് 201 റണ്‍സ് മാത്രം നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

അവസാന ഓവറില്‍ പ്ലേ ഓഫ് യോഗ്യതയ്ക്കായി 17 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. യാഷ് ദയാല്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ധോണി സ്റ്റേഡിയത്തിനു വെൡയിലേക്ക് പായിച്ചെങ്കിലും അടുത്ത പന്തില്‍ അദ്ദേഹം പുറത്താവുകയായിരുന്നു. പിന്നീടുള്ള നാലു പന്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. ഇതിനു പിന്നാലെയായിരുന്നു ഹസ്തദാന വിവാദവും പൊട്ടിപ്പുറപ്പെട്ടത്.

Related Articles

Back to top button