Cricket

നാണക്കേടിന്റെ റെക്കോഡില്‍ ബെന്‍ സ്റ്റോക്‌സ്!! കളിയില്‍ പിടിമുറുക്കി ഇന്ത്യ

ഹൈദരാബാദ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ്.

സാക് ക്രൗളി(31), ബെന്‍ ഡക്കറ്റ്(47), ജോ റൂട്ട്(2), ജോണി ബെയര്‍സ്റ്റോ(10), ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ്(6) എന്നിവരാണ് പുറത്തായത്. 67 റണ്‍സുമായി ഒല്ലി പോപ്പും രണ്ടു റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സുമാണ് ക്രീസില്‍.

ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്‌സിനെ രവിചന്ദ്രന്‍ അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ഒരു മോശം റെക്കോഡും സ്‌റ്റോക്‌സിന്റെ പേരിലായി.

ടെസ്റ്റില്‍ അശ്വിന്റെ പന്തില്‍ ഏറ്റവുമധികം തവണ പുറത്താവുന്ന ബാറ്റര്‍ എന്ന നാണക്കേടാണ് സ്റ്റോക്‌സിന് വന്നു ചേര്‍ന്നിരിക്കുന്നത്. അശ്വിന്‍ 11 പ്രാവശ്യം പുറത്താക്കിയ ഡേവിഡ് വാര്‍ണറായിരുന്നു ഇതുവരെ ഈ റെക്കോഡിന്റെ അവകാശി.

മൂന്നാംദിനം ഏഴിന് 421 എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യയ്ക്ക് 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. 436ന് ഏഴ് എന്ന നിലയില്‍ നിന്ന് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെയാണ് ഇന്ത്യ അവസാന മൂന്നു വിക്കറ്റുകളും നഷ്ടപ്പെടുത്തിയത്.

ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററായ രവീന്ദ്ര ജഡേജ(87),ബുംറ(0) എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ജോ റൂട്ടാണ് ഇന്ത്യയെ 450 കടക്കുന്നതില്‍ നിന്ന് തടഞ്ഞത്. അക്ഷര്‍ പട്ടേലി(44)ന്റെ വിക്കറ്റ് റെഹാന്‍ അഹമ്മദിനാണ്.

Related Articles

Back to top button