Cricket

17 വര്‍ഷത്തിനു ശേഷം ട്വന്റി20 ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ !! ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത് ഏഴു റണ്‍സിന്

അങ്ങനെ ഒരിക്കല്‍ കൂടി ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് സ്വന്തമായി. ആദ്യ ലോകകപ്പ് കിരീടം എന്ന മോഹവുമായി കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടത്തിനായുള്ള 17 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.

റീസാ ഹെന്‍ട്രിക്‌സിനെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുംറ, അവസാന ഓവറിലെ അവിശ്വസനീയമായ ക്യാച്ചിലൂടെ ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യകുമാര്‍ യാദവ്, നിര്‍ണായക ഘട്ടത്തില്‍ ക്ലാസനെ പുറത്താക്കിയ ഹാര്‍ദിക് പാണ്ഡ്യ. ബാറ്റിംഗ് പരാജയത്തില്‍ നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ വിരാട് കോഹ്‌ലി, അക്ഷര്‍ പട്ടേലിന്റെ കാമിയോ ഇന്നിംഗ്‌സ്. എന്നിങ്ങനെ ട്വന്റി20 ലോകകപ്പ് കിരീട വിജയത്തില്‍ ഇന്ത്യയ്ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനുള്ള ഒരു പിടി മുഹൂര്‍ത്തങ്ങള്‍ പിറന്ന മത്സരമായിരുന്നു ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169ല്‍ അവസാനിച്ചു.

34 റണ്‍സെടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിരാട് കോഹ്‌ലിയും അക്ഷര്‍ പട്ടേലും ചേര്‍ന്നു നടത്തിയ പോരാട്ടമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

59 പന്തുകള്‍ നേരിട്ട കോലി ആറു ബൗണ്ടറികളും രണ്ടു സിക്‌സറും സഹിതം 76 റണ്‍സ് നേടി. 31 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും നേരിട്ട 16 പന്തില്‍ 27 റണ്‍സെടുത്ത ശിവം ദുബെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (9), ഋഷഭ് പന്തും(0), സൂര്യകുമാര്‍ യാദവും (3) പവര്‍പ്ലേ അവസാനിക്കും മുന്‍പേ പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലാവുകയായിരുന്നു.

മാര്‍കോ ജാന്‍സന്റെ രണ്ടും മൂന്നും പന്തുകള്‍ ബൗണ്ടറി കടത്തിയാണ് കോഹ്‌ലി തുടങ്ങിയത്. ആദ്യ ഓവറില്‍ ഇന്ത്യ നേടിയത് 15 റണ്‍സ്. രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്ക സ്പിന്നര്‍ കേശവ് മഹാരാജിനെ ഇറക്കിയപ്പോള്‍ ആദ്യ രണ്ടു പന്തുകള്‍ ഫോറടിച്ചായിരുന്നു ഇന്ത്യ തുടങ്ങിയത്.

എന്നാല്‍ നാലാം പന്തില്‍ രോഹിത്തിന് അടി പതറി. സ്‌ക്വയര്‍ ലെഗിലേക്കു സ്വീപ് ചെയ്ത പന്ത് പന്ത് ഹെന്റിച്ച് ക്ലാസന്റെ കൈയ്യിലൊതുങ്ങുകയായിരുന്നു.

പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റണ്‍ കൂട്ടിച്ചേര്‍ക്കും മുന്‍പേ പോയി. കേശവ് മഹാരാജിന്റെ പന്തില്‍ സ്വീപ്പിനു ശ്രമിച്ച ഋഷഭിന്റെ ബാറ്റില്‍ തട്ടി പന്ത് ഉയര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡി കോക്ക് പിടിച്ചെടുക്കുകയായിരുന്നു.

കഗിസോ റബാഡയെറിഞ്ഞ അഞ്ചാം ഓവറില്‍ സൂര്യകുമാര്‍ യാദവും പുറത്തായി. മൂന്നാം പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെന്റിച്ച് ക്ലാസന്‍ ക്യാച്ചെടുത്തു.

ടീം സ്‌കോര്‍ 106ല്‍ നില്‍ക്കെ അക്ഷര്‍ പട്ടേല്‍ പുറത്തായെങ്കിലും ശിവം ദുബെയെ കൂട്ടു പിടിച്ച് വിരാട് കോഹ് ലി സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 19-ാം ഓവറിലെ അഞ്ചാം പന്തിലാണ് കോഹ് ലി പുറത്തായത്. രവീന്ദ്ര ജഡേജ രണ്ടു റണ്‍സ് എടുത്ത് ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്തായപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ അഞ്ചു റണ്‍സുമായി പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ്, ആന്‍ റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

അക്ഷരാര്‍ഥത്തില്‍ ദക്ഷിണാഫ്രിക്കയുടെ ചുണ്ടില്‍ നിന്ന് ഇന്ത്യ കപ്പ് തട്ടിയെടുക്കുകയായിരുന്നു. ആറു വിക്കറ്റ് കൈയ്യിലിരിക്കെ ജയിക്കാന്‍ 30 പന്തില്‍ 30 റണ്‍സ് മാത്രം മതിയായിരുന്നു അവര്‍ക്ക്.

എന്നാല്‍ തകര്‍ത്തടിച്ച ക്ലാസനെ 17-ാം ഓവറില്‍ പുറത്താക്കിയ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ മാര്‍ക്കോ യാന്‍സനെ ബൗള്‍ഡാക്കി ബുംറ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കി.

എന്നാല്‍ ഡേവിഡ് മില്ലര്‍ എന്ന അപകടം അപ്പോഴും ഇന്ത്യയ്ക്കു മുകളില്‍ ഉണ്ടായിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 16 വേണ്ടിയിരുന്നപ്പോള്‍ ഹാര്‍ദിക്കിനെ ആദ്യ പന്തില്‍ തന്നെ സിക്‌സറിനു പറത്താനുള്ള മില്ലറിന്റെ ശ്രമം അവിശ്വസനീയമായ ക്യാച്ചിലൂടെ ബൗണ്ടറി ലൈനില്‍ പരാജയപ്പെടുത്തിയ സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യയുടെ യഥാര്‍ഥ ഫിനിഷര്‍.

അഞ്ചാം പന്തില്‍ റബാഡയും സൂര്യകുമാറിന്റെ കൈകളില്‍ അവസാനിക്കുമ്പോഴേക്കും ഇന്ത്യയുടെ ജയം ഉറപ്പായിക്കഴിഞ്ഞിരുന്നു.

27 പന്തില്‍ 52 റണ്‍സെടുത്ത ഹെന്‍ റിച്ച് ക്ലാസനാണ് ഇന്ത്യയെ വിറപ്പിച്ചത്. രണ്ടു ഫോറും അഞ്ചു സിക്‌സറും സഹിതമായിരുന്നു ക്ലാസന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്.

ക്വിന്റണ്‍ ഡി കോക്ക്(31 പന്തില്‍ 39), ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്(21 പന്തില്‍ 31), ഡേവിഡ് മില്ലര്‍(17 പന്തില്‍ 21) എന്നിവരും പൊരുതിയെങ്കിലും ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്കാരില്‍ മുമ്പന്‍. എന്നാല്‍ നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തി രക്ഷകരായ ബുംറയും അക്ഷര്‍ദീപ് സിംഗും അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്.

അര്‍ഷ്ദീപ് നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍. നാലോവറില്‍ 18 റണ്‍സ് വഴങ്ങിയായിരുന്നു ബുംറയുടെ രണ്ടു വിക്കറ്റ് പ്രകടനം. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. ജസ്പ്രീത് ബുംറയെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തു.

Related Articles

Back to top button