Cricket

ന്യൂസിലന്‍ഡിനെ മലര്‍ത്തിയടിച്ച് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍!! രക്ഷകനായത് റുഥര്‍ഫോര്‍ഡ്

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ എട്ടില്‍ കടന്നു.

ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 13 റണ്‍സിന് തോല്‍പ്പിച്ചാണ് കരീബിയന്‍ കരുത്തന്മാര്‍ വിജയം ആഘോഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ കിവീസിന്റെ മറുപടി ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 136ല്‍ അവസാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ന്യൂസിലന്‍ഡ് പേസ് ആക്രമണത്തില്‍ വന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. 30 റണ്‍സ് എടുക്കുന്നതിനിടെ അവര്‍ക്ക് അഞ്ചു വിക്കറ്റുകളാണ് നഷ്ടമായത്.

ബ്രണ്ടന്‍ കിംഗ്(9), ജോണ്‍സണ്‍ ചാള്‍സ്(0), നിക്കോളാസ് പൂറന്‍(17), റോസ്റ്റന്‍ ചേസ്(0), റോവ് മാന്‍ പവല്‍(1) എന്നിവരാണ് പുറത്തായത്.

എന്നാല്‍ ഒരറ്റത്ത് ഉറച്ചു നിന്ന ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് വാലറ്റക്കാരെ കൂട്ടുപിടിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനം അവരെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കുകയായിരുന്നു.

39 പന്തില്‍ രണ്ടു ഫോറും ആറു സിക്‌സും സഹിതം 68 റണ്‍സ് നേടിയ റുഥര്‍ ഫോര്‍ഡ് പുറത്താകാതെ നിന്നു.

അകീല്‍ ഹുസൈന്‍(15), അന്ദ്രേ റസല്‍(14), റൊമാരിയോ ഷെപ്പേര്‍ഡ്(13) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.

ന്യൂസിലന്‍ഡിനായി നാലോവറില്‍ വെറും 16 റണ്‍സ് വിട്ടു കൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ട് മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ജയിംസ് നീഷാമും മിച്ചല്‍ സാന്റ്‌നറും ഓരോ വിക്കറ്റ് വീതവും നേടി.

30 റണ്‍സിന് താഴെ അഞ്ചു വിക്കറ്റ് നഷ്ടമായ ശേഷം ഒരു ടീം ലോകകപ്പില്‍ കുറിയ്ക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണ് വിന്‍ഡീസ് നേടിയ 149 റണ്‍സ്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും ക്രമമായ ഇടവേളകള്‍ വിക്കറ്റുകള്‍ നഷ്ടമായത് അവര്‍ക്ക് തിരിച്ചടിയായി. 19 ഓവറില്‍ 117ന് ഒമ്പത് എന്ന നിലയില്‍ വന്‍ തോല്‍വി മുമ്പില്‍ കണ്ട അവരുടെ തോല്‍വി ഭാരം കുറച്ചത് അവസാന ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡിനെതിരേ മൂന്നു സിക്‌സര്‍ അടക്കം 19 റണ്‍സ് നേടിയ മിച്ചല്‍ സാന്റ്‌നര്‍ ആണ്.

12 പന്തില്‍ 21 റണ്‍സ് നേടിയ സാന്റ്‌നര്‍ പുറത്താവാതെ നിന്നു. 33 പന്തില്‍ 40 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. ഫിന്‍ അലന്‍(26), ഡാരില്‍ മിച്ചല്‍(10),ജയിംസ് നീഷാം(10) എന്നിവരും രണ്ടക്കം കണ്ടു.

നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റുകള്‍ പിഴുത അല്‍സാരി ജോസഫിന്റെ ബൗളിംഗും വിന്‍ഡീസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്പിന്നര്‍ ഗുഡാകേശ് മോട്ടി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ആന്ദ്രേ റസലിനും അകീല്‍ ഹുസൈനും ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.

വിജയത്തോടെ വിന്‍ഡീസ് സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയപ്പോള്‍ കിവീസിന്റെ മുമ്പോട്ടുള്ള പാത ദുഷ്‌കരമായി.

ഇനിയുള്ള രണ്ടു മത്സരങ്ങളും വലിയ റണ്‍റേറ്റില്‍ വിജയിക്കുകയും അഫ്ഗാനിസ്ഥാന്‍ വെസ്റ്റ് ഇന്‍ഡീസിനോടും പാപ്പുവ ന്യൂഗിനിയോടും വന്‍ തോല്‍വി വഴങ്ങുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് സൂപ്പര്‍ എട്ടിലെത്താനാവൂ. പാപ്പുവ ന്യൂഗിനിയും ഉഗാണ്ടയുമാണ് കിവീസിന്റെ ഇനിയുള്ള എതിരാളികള്‍.

Related Articles

Back to top button