Cricket

എന്തിനെന്നെ ക്രൂശിലേറ്റി!! ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഹാര്‍ദിക് പാണ്ഡ്യ

ട്വന്റി20 ലോകകപ്പിനും മുമ്പ് ഹാര്‍ദിക് പാണ്ഡ്യ പലര്‍ക്കും വെറുക്കപ്പെട്ടവനായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈയുടെ ക്യാപ്റ്റനായി എത്തിയതോടെയാണ് പാണ്ഡ്യയുടെ കഷ്ടകാലം തുടങ്ങിയത്.

മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായുള്ള പ്രശ്‌നങ്ങളും ടീമിന്റെ തുടര്‍ തോല്‍വികളും പാണ്ഡ്യയെ ആരാധകരുടെ പരിഹാസ പാത്രമാക്കി മാറ്റി.

പലപ്പോഴും ആ പരിഹാസം അതിരു കടക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു. മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്തതോടെ പാണ്ഡ്യയുടെ രക്തത്തിനായി മുറവിളി ഉയര്‍ന്നു.

ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയതും വൈസ് ക്യാപ്റ്റനാക്കിയതും പലര്‍ക്കും ദഹിച്ചില്ല. എന്നാല്‍ മുന്‍ താരങ്ങള്‍ അടക്കം പലര്‍ക്കും അപ്പോഴും ഹാര്‍ദിക്കില്‍ വിശ്വാസമുണ്ടായിരുന്നു.

ഐപിഎല്ലില്‍ കണ്ട ഹാര്‍ദിക്കാവില്ല ലോകകപ്പില്‍ ഉണ്ടാവുകയെന്ന് ഹാര്‍ദിക്കിനോടു സ്‌നേഹമുള്ളവരൊക്കെ പറഞ്ഞു.

ഇതിനിടയില്‍ താരം ഭാര്യ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിയാന്‍ പോവുകയാണെന്ന ആഭ്യൂഹവും പരന്നു. പിന്നെ കുറേ ദിവസത്തേക്ക് ഇതായി ചര്‍ച്ച.

എന്നാല്‍ ലോകകപ്പിനായി അമേരിക്കന്‍ മണ്ണില്‍ കാലു കുത്തിയതോടെ പാണ്ഡ്യയുടെ ശരീരത്തില്‍ പുതിയ ഒരു ഊര്‍ജം കയറുകയായിരുന്നു.

സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ വെടിക്കെട്ട് ബാറ്റിംഗും ഭേദപ്പെട്ട ബൗളിംഗും പുറത്തെടുത്തതോടെ പലരും സംശയത്തോടെ കൂടിത്തന്നെ പാണ്ഡ്യയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങി.

ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ പാണ്ഡ്യ കളംനിറഞ്ഞു കളിച്ചു. മൂന്നു വിക്കറ്റുകളാണ് താരം പിഴുതത്. പാക്കിസ്ഥാനെതിരായ മത്സരത്തിലും ആ ബൗളിംഗ് മികവ് താരം ആവര്‍ത്തിച്ചു. നാലോവറില്‍ വെറും 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യയുടെ പ്രകടനം ഇന്ത്യയുടെ ആവേശ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.

അതേ അയാള്‍ വിശ്വരൂപം പ്രാപിക്കുകയാണ്. വിമര്‍ശകര്‍ക്കൊക്കെ അദ്ദേഹത്തോടൊപ്പം ചേരാനുള്ള അവസരമാണിത്. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെപ്പോലെയുള്ള പാണ്ഡ്യയുടെ ഈ തിരിച്ചു വരവ് ഇന്ത്യന്‍ ആരാധകര്‍ക്ക് അതിരറ്റ ആഹ്ലാദമാണ് നല്‍കുന്നത്.

Related Articles

Back to top button