Cricket

കോഹ്‌ലിയുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത അവനില്ല !! ബാബറിനെതിരേ തുറന്നടിച്ച് മുന്‍ പാക് താരം

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ നേടിയ ആവേശകരമായ വിജയത്തിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ആരാധകരെല്ലാം.

ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ വെറും ആറു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഇന്ത്യയെ 19 ഓവറില്‍ പാക്കിസ്ഥാന്‍ 119 റണ്‍സിന് പുറത്താക്കുകയായിരുന്നു.

എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ പാക്കിസ്ഥാനെ 113ന് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് വിജയവും രണ്ടു പോയിന്റും സ്വന്തമാവുകയായിരുന്നു.

എന്നാല്‍ മത്സരത്തിനു മുമ്പ് മുന്‍ പാക് താരം ഡാനിഷ് കനേരിയ പാക് നായകന്‍ ബാബര്‍ അസമിനെതിരേ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു സംസാരിക്കവെയായിരുന്നു അദ്ദേഹം ബാബറിനെ രൂക്ഷമായി വിമര്‍ശിച്ചത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസവുമായ വിരാട് കോഹ്‌ലിയുമായി ബാബറിനെ താരതമ്യം ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് കനേരിയ ആവശ്യപ്പെടുന്നത്.

”ബാബര്‍ അസമിനെക്കുറിച്ച് ആളുകള്‍ ധാരാളം സംസാരിക്കാറുണ്ട്. ഒരു മല്‍സരത്തില്‍ അദ്ദേഹം സെഞ്ചുറി നേടുമ്പോഴേക്കും അടുത്ത ദിവസം മാധ്യമങ്ങള്‍ ബാബറിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യാന്‍ ആരംഭിക്കും.

ഇനിയെങ്കിലും ഇതൊന്നു നിര്‍ത്തു, കോലിയുടെ ചെരുപ്പുമായി പോലും ബാബര്‍ താരതമ്യം അര്‍ഹിക്കുന്നില്ല. എന്തിനാണ് ഈ തരത്തിലുള്ള താരതമ്യമെന്നും കനേരിയ ചോദിക്കുന്നു.

ഈ ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരേ നടന്ന ആദ്യ മത്സരത്തില്‍പ്പോലും ബാബറിന്റെ ബാറ്റിംഗ് ആശാവഹമല്ലായിരുന്നുവെന്ന് കനേരിയ നിരീക്ഷിക്കുന്നു. അമേരിക്കയ്‌ക്കെതിരേ 43 പന്തില്‍ 44 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. മത്സരം സൂപ്പര്‍ ഓവറില്‍ അമേരിക്ക ജയിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ ഏകപക്ഷീയമായി വിജയിക്കേണ്ട മത്സരമായിരുന്നു ഇതെന്നും കനേരിയ വിമര്‍ശിക്കുന്നു.

കോഹ്‌ലിയ്‌ക്കൊപ്പം പ്രതിഭയുള്ള താരമെന്നാണ് പലരും ബാബര്‍ അസമിനെ വിശേഷിപ്പിക്കുന്നത്. രാജ്യാന്തര ട്വന്റി20യില്‍ കോഹ്‌ലിയുമായി വിരലിലെണ്ണാവുന്ന റണ്‍സ് മാത്രം പിന്നിലാണ് ബാബര്‍.

അതേസമയം രാജ്യാന്തര ക്രിക്കറ്റില്‍ 27,000 റണ്‍സിനടുത്ത് വാരിക്കൂട്ടിയ കോഹ് ലി കരിയറില്‍ 80 സെഞ്ചുറികളും നേടിയിട്ടുണ്ട്.

ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെടുമെന്നായിരുന്നു കനേരിയയുടെ പ്രവചനം. എന്തായാലും പറഞ്ഞതു പോലെ സംഭവിച്ചതില്‍ കനേരിയയ്ക്ക് ആശ്വസിക്കാം.

Related Articles

Back to top button