Cricket

ആഭ്യന്തര ക്രിക്കറ്റ് കളിക്കാമെന്ന് സമ്മതിച്ച് സൂപ്പര്‍താരം!! താരത്തിന് കരാര്‍ നല്‍കിയത് ഇക്കാരണത്താലെന്ന് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ട്വന്റി20 ലോകകപ്പിനു ശേഷമാവും രാഹുല്‍ സ്ഥാനമൊഴിയുക.

പുതിയ പരിശീലകനെ തേടുന്നതായി ബിസിസിഐ സെക്രട്ടറി ജയ്ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആഭ്യന്തര വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ സമ്മതിച്ചു എന്നതാണ് വാര്‍ത്ത.

2024-25 സീസണിലെ ബിസിസിഐ വാര്‍ഷിക കേന്ദ്ര കരാറുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോഴാണ് ജയ് ഷാ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

നിലവില്‍ പരിമിത ക്രിക്കറ്റ് മാത്രം കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്ക് എ ഗ്രേഡ് കരാര്‍ നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതില്‍ പ്രതികരിക്കവേയാണ് ഹാര്‍ദിക് ആഭ്യന്തര വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകള്‍ കളിക്കുമെന്ന് ഷാ വെളിപ്പെടുത്തിയത്.

ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്നു സമ്മതിച്ചതിനാലാണ് അദ്ദേഹത്തിന് എ ഗ്രേഡ് കരാര്‍ നല്‍കിയത്. ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയത് സീനിയര്‍ താരങ്ങളും പങ്കെടുക്കുന്നതിനായാണെന്നും ജയ് ഷാ പറഞ്ഞു.

എന്തായാലും ആഭ്യന്തര തലത്തില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് കളിക്കാതെ മാറിനില്‍ക്കുന്ന താരങ്ങളെ അങ്ങനെ വെറുതെ വിടാന്‍ ബിസിസിഐയ്ക്ക് ഉദ്ദേശ്യമില്ലെന്ന് വ്യക്തം.

നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഇതേത്തുടര്‍ന്ന് ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ കളത്തിലിറങ്ങിയെങ്കിലും ഇത് വകവയ്ക്കാതെയാണ് ഇഷാന്‍ കിഷന്റെ പോക്ക്. ഐപിഎല്ലില്‍ ഇരുതാരങ്ങളും അത്ര മെച്ചപ്പെട്ട പ്രകടനവുമല്ല പുറത്തെടുക്കുന്നത്.

Related Articles

Back to top button