Cricket

ഇമ്രാന്‍ ഖാനെ മോചിപ്പിക്കുക!! ഇന്ത്യ-പാക് മത്സരത്തിനിടെ ബാനറുമായി വിമാനം സ്റ്റേഡിയത്തിനു മുകളില്‍; വീഡിയോ

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുന്നതിനിടെ സ്‌റ്റേഡിയത്തിനു മുകളിലൂടെ പറന്ന വിമാനം കൗതുകമായി.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാനറുമായാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്ന നാസോ കൗണ്ടി സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനം കടന്നു പോയത്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം ആരംഭിച്ച ശേഷമാണ് വിമാനം ഇതുവഴി പോയത്. ‘ഇമ്രാന്‍ ഖാനെ മോചിപ്പിക്കുക’ എന്ന ബാനര്‍ വിമാനത്തിനു പിന്നില്‍ പാറിക്കളിക്കുന്നത് കാണാമായിരുന്നു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫ് (പിടിഐ)വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറൈഷിയ്ക്കും പത്ത് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചിരുന്നു. പാക് പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022 ല്‍ മാര്‍ച്ചില്‍ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ഇതു കൂടാതെ വേറെയും കേസുകള്‍ ഇമ്രാന്റെ പേരിലുണ്ട്.

Related Articles

Back to top button