Cricket

കേരളത്തിനും ക്വാര്‍ട്ടറിനുമിടയില്‍ മറികടക്കേണ്ടത് വലിയ 2 കടമ്പകള്‍!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച രണ്ടിലും ജയിച്ച് കേരളം ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് ഗ്രൂപ്പുകളിലായി ടീമുകളെ വേര്‍തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ സ്ഥാനത്തെത്തുന്ന ടീമാണ് ക്വാര്‍ട്ടറില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ എല്ലാ മല്‍സരവും നിര്‍ണായകമാണ്.

ക്വാര്‍ട്ടറില്‍ നേരിട്ട് എത്താന്‍ സാധിച്ചില്ലെങ്കിലും മൂന്നോട്ട് പോകാന്‍ മറ്റൊരു വഴികൂടിയുണ്ട്. മികച്ച രണ്ടാം സ്ഥാനക്കാരില്‍ നിന്ന് 3 ടീമുകള്‍ക്ക് പ്രീക്വാര്‍ട്ടര്‍ വഴി ക്വാര്‍ട്ടറിലേക്ക് കടക്കാം. കേരളത്തിന് ഇനി വലിയ വെല്ലുവിളി നേരിടേണ്ടത് രണ്ടു ടീമുകളില്‍ നിന്നാണ്. അത് രണ്ടാം സ്ഥാനത്തുള്ള ഹരിയാനയില്‍ നിന്നും മൂന്നാമതുള്ള ജമ്മു കശ്മീരില്‍ നിന്നുമാണ്.

എട്ടു ടീമുകളുള്ള ഗ്രൂപ്പില്‍ ഏറ്റവും വലിയ വെല്ലുവിളിയാകുമെന്ന് കരുതിയ ടീം കര്‍ണാടകയായിരുന്നു. എന്നാല്‍ കേരളത്തോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയ കര്‍ണാടകയ്ക്കത് തിരിച്ചടിയാകുകയും ചെയ്തു. സര്‍വീസസ്, മേഘാലയ, മഹാരാഷ്ട്ര ടീമുകളോടും കേരളത്തിന് ഇനി മല്‍സരമുണ്ട്. ഇതില്‍ മഹാരാഷ്ട്ര മാത്രമാണ് വലിയ ടീം. അവര്‍ പക്ഷേ ഇത്തവണ കളിച്ച രണ്ടിലും തോറ്റു.

ഫലത്തില്‍ ഹരിയാന, ജമ്മു കശ്മീര്‍ ടീമുകളെ വീഴ്ത്താനായാല്‍ കേരളത്തിന് ക്വാര്‍ട്ടറിലെത്താം. അടുത്ത മല്‍സരം മുതല്‍ കേരളത്തിന് മറ്റൊരു നേട്ടം കൂടിയുണ്ട്. അതു ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തിരിച്ചു വരവാണ്. ഇന്ത്യന്‍ ക്യാംപില്‍ നിന്നെത്തുന്ന സഞ്ജുവിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന മേല്‍ക്കൈ വളരെ വലുകതാകും.

Related Articles

Back to top button