Cricket

കൈയ്യിലിരുന്ന കളി കൊണ്ടു കളഞ്ഞ് ഇംഗ്ലണ്ട് !! ദക്ഷിണാഫ്രിക്കയ്ക്ക് ആവേശകരമായ വിജയം

ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ആവേശകരമായ വിജയം. ഏഴു റണ്‍സിനായിരുന്നു പ്രോട്ടിയാസിന്റെ വിജയം.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

സെന്റ് ലൂസിയയിലെ ഡാരന്‍ സാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്ന ബാറ്റിംഗാണ് ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ പുറത്തെടുത്തത്. റീസാ ഹെന്‍ട്രിക്‌സിന് താളം കണ്ടെത്താനായില്ലെങ്കിലും ക്വിന്റണ്‍ ഡി കോക്ക് തകര്‍ത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക 200നു മുകളിലുള്ള സ്‌കോര്‍ കണ്ടെത്തുമെന്ന പ്രതീതിയുയര്‍ന്നു.

പത്താം ഓവറിലെ അഞ്ചാം പന്തില്‍ റീസാ ഹെന്‍ട്രിക്‌സ്(25 പന്തില്‍ 19 ) പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 86ല്‍ എത്തിയിരുന്നു.

ടീം സ്‌കോര്‍ 92ല്‍ നില്‍ക്കുമ്പോള്‍ 38 പന്തില്‍ 65 റണ്‍സെടുത്ത ഡികോക്കും പുറത്തായി. നാലു വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിംഗ്‌സ്.

പിന്നാലെയെത്തി ഹെന്‍ റിച്ച് ക്ലാസനെ ഉജ്ജ്വലമായൊരു റണ്ണൗട്ടിലൂടെ ജോസ് ബട്‌ലര്‍ പുറത്താക്കി. എട്ടു റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം.

ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഒരു റണ്‍സിന് പുറത്തായി. 28 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സറുമായി 43 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ ഇന്നിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

11 പന്തില്‍ 12 റണ്‍സ് നേടിയ ട്രിസ്റ്റ്യന്‍ സ്റ്റബ്‌സും നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകള്‍ നേടി. മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന്റേത് മോശം തുടക്കമായിരുന്നു. ഫില്‍ സാള്‍ട്ടാണ് ആദ്യം പുറത്തായത്. എട്ടു പന്തില്‍ നിന്ന് 11 റണ്‍സെടുത്ത വെടിക്കെട്ട് താരത്തെ രണ്ടാം ഓവറില്‍ തന്നെ കാഗിസോ റബാഡ മടക്കി.

പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ ക്യാപ്റ്റന്‍ ജോസ് ബട്ട്ലറും ജോണി ബെയര്‍സ്റ്റോയും തീര്‍ത്തും പരാജയപ്പെട്ടു. 20 പന്തില്‍ നിന്ന് 16 റണ്‍സുമായി ബെയര്‍സ്റ്റോയും 20 പന്തില്‍ 17 റണ്‍സുമായി ബട്ട്ലറും പിന്നാലെ 10 പന്തില്‍ ഒമ്പത് റണ്‍സുമായി മോയിന്‍ അലിയും പുറത്തായതോടെ 10.2 ഓവറില്‍ 61ന് നാല് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

എന്നാല്‍ ഹാരി ബ്രൂക്കിനൊപ്പം ലിയാം ലിവിംഗ്സ്റ്റണ്‍ ഒത്തു ചേര്‍ന്നതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരികെയെത്തി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 42 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 78 റണ്‍സാണ്.

ആറു വിക്കറ്റ് കൈയ്യിലിരിക്കെ ജയിക്കാന്‍ മൂന്നോവറില്‍ 25 റണ്‍സ് മാത്രം മതിയെന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണത്.

റബാഡ എറിഞ്ഞ പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ വമ്പന്‍ അടിയ്ക്ക് ശ്രമിച്ച ലിവിംഗ്‌സറ്റണ് പിഴച്ചു. ട്രിസ്റ്റ്യന്‍ സ്റ്റബ്‌സിന് ക്യാച്ച്. 17 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 33 റണ്‍സായിരുന്നു ലിവിംഗ്‌സ്റ്റണ്‍ നേടിയത്. ആ ഓവറില്‍ ഇംഗ്ലണ്ടിന് നാലു റണ്‍സ് മാത്രമാണ് നേടാനായത്.

മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ 19-ാം ഓവറില്‍ ഏഴു റണ്‍സ് മാത്രം പിറന്നതോടെ വിജയലക്ഷ്യം ആറു പന്തില്‍ 14 റണ്‍സായി.

ആന്‍ റിച്ച് നോര്‍ക്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാരി ബ്രൂക്കിനെ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ കളി ദക്ഷിണാഫ്രിക്കയുടെ കൈയ്യിലായി. 37 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 53 റണ്‍സെടുത്ത ശേഷമായിരുന്നു ബ്രൂക്കിന്റെ മടക്കം.

തുടര്‍ന്നുള്ള രണ്ടു പന്തുകളില്‍ സാം കറന്‍ യഥാക്രമം സിംഗിളും ഫോറും അടിച്ചതോടെ വിജയലക്ഷ്യം മൂന്നു പന്തില്‍ ഒമ്പതു റണ്‍സായി. എന്നാല്‍ നാലാം പന്തില്‍ കറന് റണ്‍സ് നേടാനായില്ല, അഞ്ചാം പന്തില്‍ സിംഗിള്‍. അവസാന പന്ത് ജോഫ്രാ ആര്‍ച്ചറിനെ കബളിപ്പിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് വിജയം. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്വിന്റണ്‍ ഡി കോക്കാണ് കളിയിലെ താരം.

രണ്ടു ജയം നേടിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് ഇതുവരെ സെമി ഉറപ്പിക്കാനായിട്ടില്ല. അടുത്ത കളി വെസ്റ്റ് ഇന്‍ഡീസിനോടു പരാജയപ്പെടുകയും ഇംഗ്ലണ്ട് മികച്ച രീതിയില്‍ അമേരിക്കയെ തോല്‍പ്പിക്കുയും ചെയ്താല്‍ ദക്ഷിണാഫ്രിക്ക പുറത്താകും.

Related Articles

Back to top button