Cricket

ബംഗ്ലാദേശ് ബൗളിംഗിനെ മറികടക്കാനാവാതെ വീണ് നെതര്‍ലന്‍ഡ്!! ബാറ്റിംഗില്‍ താരമായി ഷക്കീബ് അല്‍ ഹസന്‍

ട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ നെതര്‍ലന്‍ഡിനെതിരേ ബംഗ്ലാദേശിന് 25 റണ്‍സിന്റെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്സിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ അവസാനിച്ചു.

ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ രണ്ടാം വിജയമാണിത്. ഇതോടെ സൂപ്പര്‍ എട്ടിനോട് കൂടുതല്‍ അടുക്കാന്‍ ബംഗ്ലാദേശിന് സാധിച്ചു. അടുത്ത മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് സൂപ്പര്‍ എട്ട് ഉറപ്പിക്കാം.

വെസ്റ്റ് ഇന്‍ഡീസിലെ കിങ്സ്ടൗണില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് അടിച്ചുകൂട്ടിയത്.

അര്‍ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിന് കരുത്തായത്. ഷക്കീബ് 46 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്തു.

തന്‍സിദ് ഹസന്‍(35), മഹമ്മദുള്ള(25), ജാക്കല്‍ അലി(14) എന്നിവരാണ് ബംഗ്ലാദേശിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

നെതര്‍ലന്‍ഡ്സിന് വേണ്ടി ആര്യന്‍ ദത്തും പോള്‍ വാന്‍ മീകെരെനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇരുവരും നാലോവറില്‍ യഥാക്രമം 17ഉം 15ഉം റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും മറ്റു ബൗളര്‍മാരുടെ പ്രകടനം മോശമായതാണ് ഡച്ച് ടീമിന് തിരിച്ചടിയായത്.

മറുപടി ബാറ്റിങ്ങില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് ഓറഞ്ച് പടയെ വിജയത്തില്‍ നിന്ന് അകറ്റുകയായിരുന്നു.

22 പന്തില്‍ 33 റണ്‍സെടുത്ത സൈബ്രന്‍ഡ് ഏങ്കല്‍ബ്രെച്ചാണ് ഡച്ച് നിരയിലെ ടോപ് സ്‌കോറര്‍. 16 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത വിക്രംജിത്ത് സിങ്, 23 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ആര്യന്‍ ദത്ത് 15 റണ്‍സുമായി പുറത്താവാതെ നിന്നു.

നാലോവറില്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ റിഷാദ് ഹുസൈനാണ് നെതര്‍ഡന്‍സിനെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത്. ടസ്‌കിന്‍ അഹമ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി.

ഒരു വിക്കറ്റ് മാത്രമേ നേടിയുള്ളൂവെങ്കിലും നാലോവറില്‍ വെറും 12 റണ്‍സ് വഴങ്ങിയ മുസ്താഫിസുര്‍ റഹ്‌മാന്റെ അവസാന ഓവറുകളിലെ ബൗളിംഗും വിജയത്തില്‍ നിര്‍ണായകമായി.

ബംഗ്ലാദേശ് ബാറ്റിംഗില്‍ നെടുന്തൂണായ ഷക്കീബ് അല്‍ ഹസനാണ് കളിയിലെ താരം.

Related Articles

Back to top button