Cricket

ക്രിക്കറ്റ് ജീവിതത്തിലുടനീളം ‘മദ്രാസി’ വിളി കേട്ടു!! ഇന്ത്യന്‍ ക്രിക്കറ്റിലും വിവേചനമുണ്ടെന്ന് തുറന്നടിച്ച് ശ്രീശാന്ത്

കേരളത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു മേല്‍വിലാസമുണ്ടാക്കിയ താരമാണ് ശ്രീശാന്ത്. താരത്തിനു മുമ്പ് ഏതാനും താരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും ശ്രീശാന്തിനോളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്കായില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം രണ്ട് ലോകകപ്പ് ജയങ്ങളുടെ ഭാഗമായിരുന്ന താരം പിന്നീട് ഐപിഎല്ലിലെ വാതുവെപ്പ് കേസിലകപ്പെടുകയായിരുന്നു.

വാതുവെപ്പ് വിവാദം അദ്ദേഹത്തിന്റെ കരിയര്‍ തന്നെ അവസാനിപ്പിച്ചെങ്കിലും ഒടുവില്‍ സുപ്രീം കോടതി താരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ലെജന്‍ഡ് ക്രിക്കറ്റ് ലീഗുകളിലടക്കം സജീവമായ താരം ക്രിക്കറ്റുമായി ബന്ധപ്പെട്ട ഷോകളിലെ നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലനിന്നിരുന്ന വിവേചനത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ശ്രീശാന്ത്.

ജീവിതത്തിലുടനീളം സഹതാരങ്ങളില്‍ നിന്ന് തനിക്ക് ‘മദ്രാസി’ വിളികള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍.

ഉത്തരേന്ത്യയില്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകിച്ച് തമിഴ്നാട്ടുകാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രാദേശികമെന്നു തോന്നിപ്പിക്കുന്ന വംശീയ പദപ്രയോഗമാണ് ‘മദ്രാസി’.

പലപ്പോഴും കേരളത്തിലുള്ളവരേയും ഉത്തരേന്ത്യയില്‍ ഈ പേരു വിളിക്കാറുണ്ട്. രണ്‍വീര്‍ ഷോയില്‍ പങ്കെടുക്കവെയായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍.

”ജീവിതത്തിലുടനീളം എനിക്കത് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മുംബൈക്ക് തെക്കുള്ള ഏത് സ്ഥലത്തുള്ളവരും അവര്‍ക്ക് മദ്രാസികളാണ്. അണ്ടര്‍ 13 കളിക്കുന്ന കാലം മുതല്‍ അണ്ടര്‍ 19 കാലം വരെ ഇത് കേട്ടിട്ടുണ്ട്.” താരം തുറന്നു പറഞ്ഞു.

അതോടൊപ്പം മുന്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരള താന്‍ ഉള്‍പ്പെടെയുള്ള പല താരങ്ങള്‍ക്കും പ്രതിഫലം തരാനുണ്ടെന്നും ശ്രീശാന്ത് വെളിപ്പെടുത്തി.

”അവര്‍ ഇപ്പോഴും ധാരാളം പണം നല്‍കാന്‍ ഉണ്ട്. ഇതുവരെ അത് തന്നിട്ടില്ല. നിങ്ങള്‍ക്ക് ഷോയിലേക്ക് മുത്തയ്യ മുരളീധരനെ വിളിക്കാം, മഹേല ജയവര്‍ധനയെ വിളിക്കാം, അവര്‍ നിങ്ങളോട് പറയും. മക്കല്ലവും ജഡേജയും ആ ടീമില്‍ ഉണ്ടായിരുന്നു”. ശ്രീശാന്ത് പറയുന്നു.

”ബിസിസിഐ നിങ്ങള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. ദയവായി ഞങ്ങള്‍ക്ക് തരാനുള്ള പണം നല്‍കുക. നിങ്ങള്‍ ആ പണം എപ്പോഴാണ് തരുന്നതെങ്കിലും ഓര്‍ക്കുക വര്‍ഷാ വര്‍ഷം 18 ശതമാനം പലിശയുണ്ടെന്ന്.

എന്റെ കുട്ടികള്‍ വിവാഹിതരാകുമ്പോഴേക്കും ഞങ്ങള്‍ക്ക് ആ പണം ലഭിക്കുമെന്നാണ് എനിക്ക് തോന്നുന്നത്”. ശ്രീശാന്ത് പറയുന്നു.

Related Articles

Back to top button