Cricket

തനിരൂപം പുറത്തെടുത്ത് ശ്രീ; യോര്‍ക്കറുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കൊമ്പന്മാര്‍!

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളിതാരം ശ്രീശാന്ത്. ബില്‍വാര കിംഗ്‌സിനായി ഗുജറാത്ത് ജയന്റ്‌സിനെതിരായ ക്വാളിഫയര്‍ മല്‍സരത്തിലാണ് ശ്രീ തനിസ്വരൂപം പുറത്തെടുത്തത്. മറ്റ് ബൗളര്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് തകര്‍ത്തെറിഞ്ഞ ശ്രീശാന്താണ് ഗുജറാത്തിനെ ഒറ്റയ്ക്കു പിടിച്ചു കെട്ടിയത്. 4 ഓവര്‍ പന്തെറിഞ്ഞ ശ്രീയുടെ 24 പന്തില്‍ നിന്ന് ഗുജറാത്ത് അടിച്ചെടുത്തത് വെറും 28 റണ്‍സാണ്.

തിലകരത്‌ന ദില്‍ഷാന്‍ (36), സ്റ്റൂവര്‍ട്ട് ബിന്നി (4) എന്നിവരുടെ വിക്കറ്റുകളും ശ്രീ വീഴ്ത്തി. കഴിഞ്ഞ കളിയില്‍ ഫിഡല്‍ എഡ്വേര്‍ഡ്‌സിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്ത ശ്രീയെ ഇത്തവണ ആറാം ബൗളറായിട്ടാണ് ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പത്താന്‍ ഉപയോഗിച്ചത്. എഡ്വേര്‍ഡ്‌സ് അടക്കം എല്ലാവരും നല്ലരീതിയില്‍ തല്ലുവാങ്ങുകയും ചെയ്തു.

ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു ശ്രീയുടെ ബൗളിംഗ്. തുടക്കം മുതല്‍ നല്ല മൂഡിലായിരുന്നു ശ്രീ. ആദ്യമെടുത്തത് ദില്‍ഷാന്റെ സ്റ്റംപായിരുന്നു. ഒരുവശത്ത് ശ്രീശാന്ത് നന്നായി ബൗള്‍ ചെയ്ത് റണ്‍സ് വിട്ടുകൊടുക്കാന്‍ മടിക്കുമ്പോള്‍ മറുവശത്ത് പന്തെറിഞ്ഞവര്‍ ധൂര്‍ത്തരായി മാറി. തലങ്ങും വിലങ്ങും ബാറ്റ്‌സ്മാന്‍ വിളയാടിയതോടെ ഗുജറാത്ത് സ്‌കോര്‍ കുതിച്ചു.

220 റണ്‍സെങ്കിലും പോകുമെന്ന് കരുതിയ ഇന്നിംഗ്‌സിനെ 194 റണ്‍സിലൊതുക്കിയത് ശ്രീയുടെ ബൗളിംഗായിരുന്നു. യശ്പാല്‍ സിംഗ് (45), കെവിന്‍ ഒബ്രയ്ന്‍ (45) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. ബില്‍വാരയ്ക്കായി അവസാന ഓവര്‍ എറിഞ്ഞ ശ്രീ വെറും 9 റണ്‍സാണ് വിട്ടുകൊടുത്തത്.

Related Articles

Back to top button