Cricket

ഇത് സൂര്യപ്രതികാരം!! കങ്കാരുക്കളെ നിലത്തടിച്ച് ഇന്ത്യന്‍ കരുത്ത് !

വിരാട്-സൂര്യകുമാര്‍ കൂട്ടുകെട്ട് കത്തിക്കയറിയപ്പോള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ മല്‍സരത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ശേഷമുള്ള ഇൗ വിജയത്തിന് മാധുര്യമേറും. തുടക്കത്തിലേ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷമായിരുന്നു വിരാടും സൂര്യയും മല്‍സരം തിരിച്ചു പിടിച്ചത്. 36 പന്തില്‍ 69 റണ്‍സെടുത്ത സൂര്യയാണ് ഇന്ത്യയുടെ വിജയശില്പി. 5 സിക്‌സറുകളും 5 ഫോറും ആ ഇന്നിംഗ്‌സിന് ചാരുതയേകി. 50 റണ്‍സും സൂര്യ നേടിയത് ബൗണ്ടറിയിലൂടെയാണ്.

ഈ സീരിയസില്‍ വലിയ ഫോമിലല്ലാതിരുന്ന വിരാട് അതിന്റെ കേടു തീര്‍ക്കുന്ന പോലെയാണ് ബാറ്റുവീശിയത്. ജോഷ് ഹെയ്‌സല്‍വുഡിനെതിരേ നേടിയ ആ സിക്‌സര്‍ മാത്രം മതി വിരാടിന്റെ മേധാവിത്വം മനസിലാക്കാന്‍. മറുവശത്ത് തുടക്കത്തില്‍ ചെറുതായി പരുങ്ങിയ സൂര്യ ഫോമിലെത്തിയതോടെ തലങ്ങും വിലങ്ങും ബൗളര്‍മാരെ അടിച്ചുപരത്തി.

വെറും 29 പന്തില്‍ നിന്നാണ് സൂര്യ അര്‍ധസെഞ്ചുറി തികച്ചത്. അതും തുടര്‍ച്ചയായി സിക്‌സറുകള്‍ പറത്തി. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിട്ടായിരുന്നു സൂര്യയുടെ ബാറ്റിംഗ്. 360 ഡിഗ്രിയില്‍ ഷോട്ടുകള്‍ പറത്തിയ സൂര്യയെ ഒരിക്കല്‍പ്പോലും സമ്മര്‍ദത്തിലാക്കാന്‍ ബൗളര്‍മാര്‍ക്കായില്ല. കഴിഞ്ഞ കളികളില്‍ ഭേദപ്പെട്ട ബൗളിംഗ് നടത്തിയ ആഡം സാംബയുടെ നാലോവറില്‍ 44 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കാമറൂണ്‍ ഗ്രീനിന്റെയും മധ്യനിര താരം ടിം ഡേവിഡിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഓസീസിന് തുണയായത്. ഗ്രീന്‍ 21 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 52 റണ്‍സ് നേടിയപ്പോള്‍ 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും നാലു സിക്സറുകളും സഹിതം 54 റണ്‍സായിരുന്നു ഡേവിഡിന്റെ സമ്പാദ്യം.

22 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 24 റണ്‍സ് നേടിയ ജോഷ് ഇന്‍ഗ്ലിസും 20 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്സറുകളും സഹിതം 28 റണ്‍സ് നേടിയ ഡാനിയല്‍ സാംസുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. നായകന്‍ ആരോണ്‍ ഫിഞ്ച് (7), മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് (9), മധ്യനിര താരം ഗ്ലെന്‍ മാക്സ്വെല്‍ (6) എന്നിവര്‍ പരാജയമായി മാറി.

Related Articles

Back to top button