Cricket

ധോണി അടുത്ത ഐപിഎല്ലില്‍ ഉണ്ടാവുമോ ? ചെപ്പോക്കില്‍ കളിച്ചത് അവസാന മത്സരം !! സുരേഷ് റെയ്‌നയുടെ മറുപടി ഇങ്ങനെ…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ പൂര്‍ത്തിയ സാഹചര്യത്തില്‍ അവര്‍ പ്ലേ ഓഫിന് ഒരു ജയം മാത്രം അകലെയാണ്.

ഒരു പക്ഷെ അടുത്ത കളി പരാജയപ്പെട്ടാല്‍ പോലും മറ്റു ടീമുകളുടെ മത്സരഫലങ്ങള്‍ അനുകൂലമായാല്‍ ധോണിയും കൂട്ടരും പ്ലേ ഓഫിലെത്തും.

സീസണില്‍ ചെന്നൈയുടെ അവസാന മത്സരം ആര്‍സിബിയ്‌ക്കെതിരേ ബംഗളൂരുവിലാണ്. ഇതോടെ ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ എം എസ് ധോണിയുടെ അവസാന മത്സരമായിരുന്നുവോ കഴിഞ്ഞത് എന്ന ആശങ്കയിലാണ് ആരാധകര്‍.

ചെന്നൈ പ്ലേ ഓഫില്‍ കടന്നില്ലെങ്കില്‍ ഈ സീസണില്‍ പിന്നെ ചെപ്പോക്കില്‍ അവര്‍ക്ക് മത്സരമില്ല. ഇപ്പോഴിതാ ഈ വക സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായെത്തിയിരിക്കുകയാണ് മുന്‍ ചെന്നൈ താരം സുരേഷ് റെയ്‌ന.

തീര്‍ച്ചയായും ധോണി ഇനിയും ചെപ്പോക്കില്‍ കളിക്കുമെന്നാണ് റെയ്‌ന വ്യക്തമാക്കുന്നത്. മുമ്പ് അടുത്ത ഐപിഎല്ലില്‍ ധോണി കളിക്കുമോയെന്ന ചോദ്യത്തിനും റെയ്‌ന സമാന മറുപടിയാണ് പറഞ്ഞത്.

പരിക്കിന്റെ പിടിയിലുള്ള താരം അടുത്ത സീസണില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ ചെന്നൈ പ്ലേ ഓഫില്‍ കടന്നാല്‍ ധോണി വീണ്ടും ചെപ്പോക്കില്‍ എത്തിയേക്കും.

ഐപിഎല്ലില്‍ ആദ്യ ക്വാളിഫയറും എലിമിനേറ്ററും അഹമ്മദാബാദില്‍ വെച്ച് നടക്കുമ്പോള്‍ രണ്ടാം ക്വാളിഫയറും ഫൈനലും നടക്കുക ചെപ്പോക്കിലാണ്.

ഈ രണ്ട് മത്സരങ്ങളില്‍ ചെന്നൈ കളിക്കേണ്ടി വന്നാല്‍ എം എസ് ധോണി വീണ്ടും ചെപ്പോക്കിലെത്തും. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരായ മത്സരത്തിനു മുമ്പ് ആരാധകരോട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു അഭ്യര്‍ഥന നടത്തിയിരുന്നു. കളി കഴിഞ്ഞ് ആരും സ്റ്റേഡിയം വിട്ടു പോകരുതെന്നായിരുന്നു അത്.

ഇതോടെ മത്സരശേഷം ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന തരത്തില്‍ അഭ്യൂഹം പരക്കുകയായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ആരാധകര്‍.

Related Articles

Back to top button