Cricket

ഇന്ത്യന്‍ ടീമുടമകളെ കിട്ടിയിട്ടും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിന് പണികിട്ടി!!

ഇന്ത്യന്‍ ആരാധകരെ ലക്ഷ്യമിട്ടാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഐപിഎല്‍ മാതൃകയില്‍ ട്വന്റി-20 ലീഗ് തുടങ്ങിയത്. തുടക്കമൊക്കെ പ്രതീക്ഷിച്ചത് പോലെ തന്നെ നടന്നു. ആറു ടീമുകളുടെയും ഉടമകളായി ഐപിഎല്‍ ഫ്രാഞ്ചൈസിക്കാര്‍ തന്നെ വരികയും ചെയ്തു. ലേലം വിളിയൊക്കെ അതിലേറെ ഗംഭീരമായി. എന്നാല്‍ വലിയൊരു പ്രശ്‌നത്തെ നേരിടേണ്ടി വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.

പ്രശ്‌നം എന്താണെന്ന് വച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ ലീഗ് സാമ്പത്തികമായി വിജയകരമാകണമെങ്കില്‍ നല്ലൊരു ഇന്ത്യന്‍ ചാനല്‍ ഇന്ത്യയിലെ ടിവി സംപ്രേക്ഷണം ഏറ്റെടുക്കണം. എങ്കില്‍ മാത്രമേ അവര്‍ പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ടീമുകളുടെ ലേലത്തിന് ശേഷം സംഘാടകര്‍ ഇന്ത്യയിലെ പ്രധാന സ്‌പോര്‍ട്‌സ് ചാനലുകളായ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സോണി, സ്‌പോര്‍ട്‌സ് 18 എന്നിവയെ സമീപിച്ചെങ്കിലും അവരൊന്നും വലിയ താല്‍പര്യം പ്രകടിപ്പിച്ചില്ല.

സംഘാടകര്‍ പ്രതീക്ഷിക്കുന്നത് 10 വര്‍ഷത്തേക്ക് 120 മില്യണ്‍ ഡോളറോ ഓരോ സീസണിലും 12 മില്യണ്‍ ഡോളറോ ആണ്. എന്നാല്‍ കൂടിപ്പോയാല്‍ രണ്ട് മില്യണ്‍ ഡോളര്‍ തരാമെന്നാണ് ഇന്ത്യന്‍ ചാനലുകള്‍ പറയുന്നത്. ഇത്രയും ചെറിയ തുക കൊണ്ട് ടൂര്‍ണമെന്റ് പോലും നടത്താന്‍ സാധിക്കില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ദക്ഷിണാഫ്രിക്കന്‍ ലീഗ് നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഈ സമയത്ത് തന്നെയാണ് യുഎഇയില്‍ ഇന്റര്‍നാഷണല്‍ ലീഗ് 20-20യും നടക്കുക. വലിയ പണംമുടക്കി കളിക്കാരുടെ ലേലമൊക്കെ നടത്തിയെങ്കിലും ടിവി കരാര്‍ വിറ്റുപോയില്ലെങ്കില്‍ ലീഗ് പോലും ചിലപ്പോള്‍ നടക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. മുമ്പും ഇത്തരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ലീഗ് പാതിവഴിയില്‍ മുടങ്ങിയിരുന്നു.

Related Articles

Back to top button