Cricket

പാപ്പുവ ന്യൂഗിനിയെ തകര്‍ത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ !! ന്യൂസിലന്‍ഡ് പുറത്ത്

ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി സൂപ്പര്‍ എട്ട് ഉറപ്പിച്ച് അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ പാപ്പുവ ന്യൂഗിനിയ്‌ക്കെതിരേ ഏഴു വിക്കറ്റിന്റെ വിജയമാണ് അഫ്ഗാന്‍ പട നേടിയത്.

ആദ്യം ബാറ്റ് ചെയ്ത പാപ്പുവ ന്യൂഗിനി 19.5 ഓവറില്‍ 95ന് ഓള്‍ഔട്ടാവുകയായിരുന്നു. 15.1 ഓവറില്‍ അഫ്ഗാന്‍ വിജയലക്ഷ്യം മറികടന്നു.

ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ പാപ്പുവ ന്യൂഗിനിയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ അഫ്ഗാന്‍ ബൗളര്‍മാരുടെ ബൗളിംഗിനും ഫീല്‍ഡിംഗിനും മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ പാപ്പുവ ന്യൂഗിനിയ്ക്കായില്ല.

നാലോവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫലല്‍ഹഖ്‌ ഫറൂഖിയാണ് പാപ്പുവ ന്യൂഗിനിയെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.

2.5 ഓവറില്‍ വെറും നാലു റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത നവീന്‍ ഉള്‍ഹഖും നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നാല് റണ്ണൗട്ടുകള്‍ അഫ്ഗാന്റെ ഫീല്‍ഡിംഗ് മികവിനുദാഹരണമായി.

27 റണ്‍സെടുത്ത കിപ്ലിന്‍ ഡോംഗയാണ് പാപ്പുവ ന്യൂഗിനിയുടെ ടോപ് സ്‌കോറര്‍. ടോണി ഉറാ(11), അലീ നാവു(13) എന്നിവരും രണ്ടക്കം കണ്ടു.

96 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രണ്ടാം ഓവറിലെ നാലാം പന്തില്‍ ഇബ്രാഹിം സദ്രാനെ(0) ബൗള്‍ഡാക്കി സെമോ കാമിയ അഫ്ഗാനെ ഞെട്ടിച്ചു.

മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ അലി നാവോ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സ്റ്റംപിളക്കുമ്പോള്‍ സ്‌കോര്‍കാര്‍ഡില്‍ വെറും 22 റണ്‍സ് മാത്രം. ഏഴു പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 11 റണ്‍സായിരുന്നു ഗുര്‍ബാസിന്റെ സമ്പാദ്യം.

സ്‌കോര്‍ 55ല്‍ എത്തിയപ്പോള്‍ അസ്മത്തുള്ള ഒമര്‍സായിയും ബൗള്‍ഡായി പുറത്തായി. 13 റണ്‍സായിരുന്നു ഒമര്‍സായിയുടെ സമ്പാദ്യം. നോര്‍മന്‍ വനുവയ്ക്കായിരുന്നു വിക്കറ്റ്.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗുല്‍ബാദിന്‍ നയ്ബ്- മുഹമ്മദ് നബി സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ അഫ്ഗാനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

അഞ്ചോവറില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ചാഡ് സോപ്പറിനെ സിക്‌സറിനു പറത്തിയാണ് ഗുല്‍ബാദിന് നയ്ബ് വിജയം ആഘോഷിച്ചത്.

36 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 49 റണ്‍സാണ് നയ്ബ് നേടിയത്. മുഹമ്മദ് നബി 23 പന്തില്‍ 16 റണ്‍സ് നേടി.

അഫ്ഗാനിസ്ഥാന്‍ വിജയിച്ചതോടെ ന്യൂസിലന്‍ഡ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ആദ്യ രണ്ടു കളികളും തോറ്റ അവര്‍ക്ക് ശേഷിക്കുന്ന രണ്ടു കളികളും ജയിച്ചാലും രക്ഷയില്ല.

ജൂണ്‍ 18ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് അഫ്ഗാന്റെ അവസാന ഗ്രൂപ്പ് മത്സരം. വിന്‍ഡീസ് നേരത്തെ തന്നെ സൂപ്പര്‍ എട്ട് ഉറപ്പാക്കിയിരുന്നു.

Related Articles

Back to top button