Cricket

ആനന്ദക്കണ്ണീര്‍ അടക്കാനാവാതെ രോഹിത് ശര്‍മ !! ആശ്വസിപ്പിച്ച് കോഹ്‌ലി; വീഡിയോ വൈറല്‍

ട്വന്റി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടന്നതിനു പിന്നാലെ ആനന്ദക്കണ്ണീര്‍ അടക്കാനാവാതെ വിതുമ്പി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയശേഷം വികാരഭരിതനായി കണ്ണീരടക്കാനാവാതെ മുഖം പൊത്തിയിരുന്ന രോഹിതിനെ ഒഅടുത്തെത്തി വിരാട് കോഹ്‌ലി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

രോഹിത്തിന്റെ നായകത്വത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ പ്രവേശനമാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ രോഹിത്തിന്റെ നായകത്വത്തില്‍ ഫൈനലിലെത്തിയിരുന്നു.


ബാറ്റിംഗ് തുടങ്ങിയപ്പോള്‍ ഈ പിച്ചില്‍ 140-150 റണ്‍സായിരുന്നു മനസില്‍ കണ്ട ലക്ഷ്യമെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. എന്നാല്‍ മധ്യ ഓവറുകളില്‍ സൂര്യയുമായി ചേര്‍ന്ന് തനിക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞതും അവസാനം ഹാര്‍ദ്ദിക്കും ജഡേജയും നിര്‍ണായക റണ്‍സ് കണ്ടെത്തുകയും ചെയ്തതോടെ ഇന്ത്യ പ്രതീക്ഷിച്ചതിലും 20-25 റണ്‍സ് അധികം നേടിയെന്നും രോഹിത് പറഞ്ഞു.

കളി തുടങ്ങുമ്പോള്‍ തന്റെ മനസില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നെങ്കിലും അത് മറ്റ് താരങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ലക്ഷ്യം മുന്നില്‍വെക്കാതെ സ്വതന്ത്രമായി കളിക്കാനായിട്ടായിരുന്നു ഇതെന്നും രോഹിത് പറഞ്ഞു.

കാരണം, അവരെല്ലാം സ്വാഭാവികമായും ആക്രമിച്ച് കളിക്കാന്‍ താല്‍പര്യപ്പെടുന്ന കളിക്കാരാണ്. അതുകൊണ്ട് തന്നെ അവര്‍ സ്വതന്ത്രരായി കളിക്കട്ടെ എന്നു കരുതിയാണ് മനസിലെ ലക്ഷ്യം അവരോട് പറയാതിരുന്നത്.


സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 170 റണ്‍സ് ഈ പിച്ചിലെ ഏറ്റവും മികച്ച സ്‌കോറായിരുന്നു. ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനകളാണ് അക്ഷറും കുല്‍ദീപും. സാഹചര്യം അനുകൂലമാണെങ്കില്‍ അവര്‍ക്കെതിരേ ഷോട്ട് കളിക്കുക അത്ര എളുപ്പമല്ല.

പിച്ചില്‍ നിന്നുള്ള പിന്തുണ ഫലപ്രദമായി ഉപയോഗിക്കുക എന്ന ചുമതല മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അവരുടെ പരിചയസമ്പത്ത് വെച്ച് അവര്‍ കൃത്യമായി അത് മുതലാക്കുകയും ചെയ്തു.

ഇന്നിംഗ്‌സിന്റെ ഇടവേളയില്‍ ബൗണ്‍സ് കുറവുള്ള പിച്ചില്‍ സ്റ്റംപിനെ ലക്ഷ്യമാക്കി മാത്രം പന്തെറിയാനായിരുന്നു ടീം പദ്ധതിയിട്ടതെന്നും രോഹിത് പറഞ്ഞു.


ഈ മത്സരത്തില്‍ വിജയിച്ചതോടെ രാജ്യന്തര ട്വന്റി20യില്‍ ഏറ്റവുമധികം വിജയം നേടുന്ന നായകന്‍ എന്ന റെക്കോഡ് രോഹിതിനു സ്വന്തമായിരുന്നു. ക്യാപ്റ്റനായി രോഹിതിന്റെ 49-ാം വിജയമായിരുന്നു ഇംഗ്ലണ്ടിനെതിരേ നേടിയത്. പാക് നായകന്‍ ബാബര്‍ അസമിനെയാണ് രോഹിത് മറികടന്നത്.

Related Articles

Back to top button