Cricket

ലോകകപ്പ് സ്‌ക്വാഡില്‍ എടുത്തത് കൊണ്ടു മാത്രം കാര്യമില്ല!! അവനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരിക്കണമെന്ന് മുന്‍താരം

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്‌ക്വാഡില്‍ ആരൊക്കെ ഇടംപിടിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരെല്ലാം.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ലോകകപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും ഐപിഎല്ലിനൊപ്പം തന്നെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാണ്.

ഐപിഎല്ലിലെ പ്രകടനം ടീം തെരഞ്ഞെടുപ്പില്‍ പ്രധാന മാനദണ്ഡമാകുമെന്നാണ് സൂചന. ലോകകപ്പിന് മുമ്പ് ഇന്ത്യ മറ്റ് ട്വന്റി20 പരമ്പരകളോ സന്നാഹ മത്സരങ്ങളോ കളിക്കാത്തതിനാല്‍ ഐപിഎല്ലിനു തന്നെയാകും തെരഞ്ഞെടുപ്പില്‍ പ്രാമുഖ്യം നല്‍കുക.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഓള്‍റൗണ്ടര്‍ ശിവം ദുബെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

മിഡില്‍ ഓര്‍ഡറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ താരത്തിന് സാധിക്കുമെന്നും ഏത് അവസ്ഥയിലും സിക്സര്‍ നേടാനും സ്‌കോര്‍ ഉയര്‍ത്താനും താരത്തിന് സാധിക്കുമെന്നത് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

ഇപ്പോള്‍ വരാനിരിക്കുന്ന ലോകകപ്പില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് സൂപ്പര്‍ താരം ശിവം ദുബെ പ്ലേയിംഗ് ഇലവനില്‍ ഉറപ്പായും ഉണ്ടാകണമെന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ദുബെയെ ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയാല്‍ പോരെന്നും താരം പ്ലേയിംഗ് ഇലവന്റെ ഭാഗമാകണമെന്നും ചോപ്ര പറഞ്ഞു.

‘അവന്റെ സ്ഫോടനാത്മകമായ ബാറ്റിങ് ശൈലി ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലെ സെലക്ഷന്‍ മാത്രമല്ല, പ്ലെയിങ് ഇലവന്റെ ഭാഗമാക്കാനും ആവശ്യപ്പെടുന്നതാണ്,’ ആകാശ് ചോപ്ര പറഞ്ഞു.

ദുബെ പുറത്തെടുക്കുന്ന ബാറ്റിംഗ് മികവിനെ മറികടക്കാന്‍ നിലവില്‍ ഒരു ഇന്ത്യന്‍ താരത്തിനുമാവില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

‘അവന്റെ മികച്ച ബാറ്റിംഗ് കണക്കിലെടുക്കുമ്പോള്‍ ഒരു മാനേജ്മെന്റിനും ഒരു ക്യാപ്റ്റനും ഒരു സെലക്ടര്‍ക്കും അവനെ അവഗണിക്കാന്‍ സാധിക്കില്ല.

അവന്റെ ഹാര്‍ഡ് ഹിറ്റിംഗിനെ എങ്ങനെ കണ്ടില്ലെന്നു നടിക്കും, അവനെ ടീമില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചില്‍ ഇരുത്തിയാല്‍ നിങ്ങള്‍ ചെയ്യുന്നത് കടുത്ത അനീതിയാണെന്ന് പറയേണ്ടി വരും,’ ചോപ്ര കൂട്ടിച്ചേര്‍ത്തു. അതേസമയം ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടറായി ടീമിലെ ഫസ്റ്റ് ചോയ്‌സ് ഹാര്‍ദിക് പാണ്ഡ്യയാണ്.

ഹാര്‍ദിക് മോശം ഫോമിലാണെങ്കിലും നിലവില്‍ ബൗള്‍ ചെയ്യുന്നില്ലെന്നത് ശിവം ദുബെയ്ക്ക് തിരിച്ചടിയാവുമെന്നാണ് വിവരം.

Related Articles

Back to top button