Cricket

ഇതാണ് മനോഭാവമെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് അവനെ നിലനിര്‍ത്തില്ല!! എന്റെ ടീമില്‍ അവനുണ്ടാവില്ല; രൂക്ഷമായ വിമര്‍ശനവുമായി സെവാഗ്

ഐപിഎല്‍ 2024 ബാറ്റര്‍മാരുടെ പറുദീസയാകുന്ന സമയത്തു തന്നെ ബൗളര്‍മാരുടെ ശവപ്പറമ്പും ആവുകയാണ്. ഈ സീസണില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ പ്രസക്തിയില്ല എന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ നടത്തിയ പ്രസ്താവനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

ഓരോ ടീമുകളും ബൗളര്‍മാരെ തെരഞ്ഞെടുക്കുന്നത് വിക്കറ്റ് വീഴ്ത്താനാണെന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വരും സീസണുകളില്‍ ആരും അശ്വിനെ ടീമിലെടുക്കില്ല എന്നും സേവാഗ് തുറന്നടിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് വിക്കറ്റ് നേടുന്നത് അപ്രസക്തമാണെന്ന് അശ്വിന്‍ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ ഈ പ്രസ്താവന നടത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ സേവാഗ് രംഗത്തെത്തിയിരിക്കുന്നത്.

‘നേരത്തെ സ്ട്രൈക്ക്‌റേറ്റ് പ്രശ്നമല്ലെന്ന് കെ.എല്‍. രാഹുല്‍ പറഞ്ഞതുപോലെയാണിത്. ഇതുതന്നെയാണ് ഇപ്പോള്‍ അശ്വിനും പറഞ്ഞിരിക്കുന്നത്. അവന്‍ ബാറ്റിങ്ങിന്റെ കാര്യത്തിലാണ് ഇത് പറഞ്ഞതെങ്കില്‍ ബൗളിങ്ങില്‍ വിക്കറ്റ് വീഴ്ത്തുന്നതിനെ കുറിച്ചാണ് അശ്വിന്‍ പറയുന്നത്. മത്സരത്തില്‍ വിക്കറ്റ് വീഴ്ത്തുന്നതുകൊണ്ട് കാര്യമില്ലെന്നാണ് അശ്വിന്‍ പറയുന്നത്.

അവന്റെ സ്റ്റാറ്റ്‌സും പ്രകടനങ്ങളും മികച്ചതല്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ലേലത്തില്‍ ഒരാള്‍ പോലും അവനെ ടീമിലെടുക്കാന്‍ പോലും പോകുന്നില്ല.

നിങ്ങള്‍ ഒരു ബൗളറെ ടീമിലെത്തിക്കുമ്പോള്‍ അയാള്‍ 25-30 റണ്‍സ് വിട്ടുകൊടുക്കുമെന്നാണോ അതോ വിക്കറ്റുകള്‍ വീഴ്ത്തി രണ്ടോ മൂന്നോ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് നേടുമെന്നാണോ പ്രതീക്ഷിക്കുന്നത്,’ ക്രിക്ബസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ സേവാഗ് ചോദിച്ചു.

വളരെ പരിതാപകരമായ പ്രകടനമാണ് അശ്വിന്‍ സീസണില്‍ രാജസ്ഥാനായി ഇതുവരെ പുറത്തെടുത്തത്. ഒമ്പതിനടുത്ത് എക്കോണമിയില്‍ പന്തെറിഞ്ഞ താരത്തിന് വെറും രണ്ടു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. 139.50 ആണ് താരത്തിന്റെ ബൗളിംഗ് ശരാശരി. ടൂര്‍ണമെന്റിലെ ഏറ്റവും താഴ്ന്ന ബൗളിംഗ് ശരാശരിയുള്ള താരവും അശ്വിനാണ്.

വിക്കറ്റ് വീഴ്ത്താതെ റണ്‍സ് സേവ് ചെയ്തുകൊണ്ട് പന്തെറിയാനാണ് അശ്വിന്‍ ശ്രമിക്കുന്നതെങ്കില്‍ തന്റെ ടീമിലും താരത്തിന് ഇടമുണ്ടാകില്ല എന്നും സേവാഗ് വ്യക്തമാക്കി.

‘അവനോട് മത്സരിക്കുന്ന എല്ലാ സ്പിന്നര്‍മാരും, അത് ചഹലാകട്ടെ കുല്‍ദീപ് യാദവാകട്ടെ എല്ലാവരും വിക്കറ്റ് നേടുന്നുണ്ട്. ഓഫ് സ്പിന്നെറിഞ്ഞാല്‍ എല്ലാവരും തനിക്കെതിരെ സ്‌കോര്‍ ചെയ്യുമെന്നാണ് അവന്‍ വിശ്വസിക്കുന്നത്.

ഇക്കാരണത്താല്‍ അവന്‍ കാരം ബോളാണ് എറിഞ്ഞുകൊണ്ടിരിക്കുന്നത്, അതുകൊണ്ട് അവന് വിക്കറ്റും ലഭിക്കുന്നില്ല. അശ്വിന്‍ തന്റെ ഓഫ് സ്പിന്നിനെയും ദൂസരെയെയും വിശ്വസിച്ചാല്‍ അവന് വിക്കറ്റ് ലഭിച്ചേക്കും, പക്ഷേ ഇത് ഓരോരുത്തരുടെയും മനോഭാവമാണ്. സെവാഗ് പറഞ്ഞു.

താന്‍ ഒരു ഫ്രാഞ്ചൈസിയുടെ മെന്ററോ പരിശീലകനോ ആയിരുന്നെങ്കില്‍ ഒരിക്കല്‍ പോലും അങ്ങനെ ചിന്തിക്കില്ലെന്നും തന്റെ ബൗളര്‍മാര്‍ വിക്കറ്റ് നേടാന്‍ ശ്രമിക്കാതെ റണ്‍സ് സേവ് ചെയ്യാനാണ് ശ്രമിക്കുന്നതെങ്കില്‍ തന്റെ ടീമില്‍ അവര്‍ക്ക് സ്ഥാനമുണ്ടാകില്ലെന്നും സെവാഗ് വ്യക്തമാക്കി.

പന്തു കൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ ഇതുവരെ കഴിയാഞ്ഞ അശ്വിന്‍ ബാറ്റ് കൊണ്ട് ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ച് കളിയെ സ്വാധീനിക്കുന്ന ഒന്നും തന്നെ ഇതുവരെ സീസണില്‍ ചെയ്തിട്ടില്ല. രാജസ്ഥാന്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിക്കുന്നതിനാല്‍ അശ്വിന് മേല്‍ സമ്മര്‍ദം ഒന്നുമില്ലെന്ന് മാത്രം. എന്തായാലും അടുത്ത സീസണില്‍ അശ്വിനെ രാജസ്ഥാന്‍ നിലനിര്‍ത്തുമോയെന്ന് കണ്ടറിയണം.

Related Articles

Back to top button