Cricket

താനൊക്കെ എന്നെങ്കിലും ഒരു ലോകകപ്പ് നേടിയിട്ടുണ്ടോ…എന്നിട്ട് ഡയലോഗ് വിടൂ!! മൈക്കല്‍ വോണിന് മറുപടിയുമായി രവി ശാസ്ത്രി

ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് ലഭിക്കാന്‍ ഗൂഢാലോചന നടന്നെന്ന് ആരോപണമുയര്‍ത്തി ഇംഗ്ലണ്ട് മുന്‍താരം മൈക്കല്‍ വോണ്‍ രംഗത്തു വന്നിരുന്നു.

മത്സരങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ തീയതികളിലടക്കം സംഘാടകര്‍ സ്വാധീനം ചെലുത്തിയെന്നാണ് മൈക്കല്‍ വോണിന്റെ ആരോപണം.

സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോടു തോറ്റു പുറത്തായതോടെയാണു വിചിത്രമായ ആരോപണമുന്നയിച്ച് മൈക്കല്‍ വോണ്‍ രംഗത്തെത്തിയത്.

ട്രിനിഡാഡില്‍ സെമി ഫൈനല്‍ കളിക്കാനെത്തുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ താരങ്ങളുടെ വിമാനം വൈകിയതായാണ് മൈക്കല്‍ വോണിന്റെ കണ്ടെത്തല്‍. ഇന്ത്യയ്ക്കുവേണ്ടി മത്സരക്രമം തീരുമാനിച്ചപ്പോള്‍, അഫ്ഗാനിസ്ഥാനോടു ബഹുമാനമില്ലാതെ ഐസിസി പെരുമാറിയെന്നും വോണ്‍ ആരോപിച്ചു.

അതേ സമയം ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയതിനു പിന്നാലെ വോണിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകനും കമന്റേറ്ററുമായ രവിശാസ്ത്രി.

കടുത്ത ഭാഷയിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. സഹപ്രവര്‍ത്തകനായ മൈക്കല്‍ വോണ്‍ എന്നെങ്കിലും ഒരു ലോകകപ്പ് ട്രോഫി ഉയര്‍ത്തിയിട്ടുണ്ടോയെന്ന് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്ക്കിടെ രവി ശാസ്ത്രി ചോദിച്ചു.

”മൈക്കല്‍ വോണിന് അദ്ദേഹത്തിനു തോന്നുന്നതെന്തും സംസാരിക്കാം. ഇന്ത്യക്കാര്‍ ആരും ഇതു ശ്രദ്ധിക്കാന്‍ പോകുന്നില്ല. അദ്ദേഹം ആദ്യം ഇംഗ്ലണ്ട് ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് എന്താണു സംഭവിച്ചതെന്ന കാര്യത്തില്‍ അദ്ദേഹം ഇംഗ്ലണ്ട് ടീമിനെ ഉപദേശിക്കുക. ഇംഗ്ലണ്ട് രണ്ടു തവണ വിജയിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യ നാലു തവണ ലോകകപ്പ് ജയിച്ചവരാണ്.

മൈക്കല്‍ വോണ്‍ ഒരു തവണയെങ്കിലും ലോകകപ്പ് ജയിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അതുകൊണ്ട് രണ്ടുവട്ടം ചിന്തിക്കുക. അദ്ദേഹം എന്റെ സഹപ്രവര്‍ത്തകനാണ്. പക്ഷേ ഇതാണ് എന്റെ മറുപടി.” രവി ശാസ്ത്രി വ്യക്തമാക്കി. ശാസ്ത്രിയുടെ മറുപടി വോണ്‍ അര്‍ഹിക്കുന്നതാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

Related Articles

Back to top button