Cricket

കിഷനെ കാഴ്ച്ചക്കാരനാക്കി സഞ്ജു; ഇത് ബോര്‍ഡിനുള്ള മറുപടി!

ജാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി മല്‍സരത്തില്‍ തുടക്കത്തില്‍ ട്വന്റി-20 സ്റ്റൈല്‍ ബാറ്റിംഗ് പുറത്തെടുത്ത സഞ്ജു സാംസണിന്റെ പ്രകടനം ബിസിസിഐക്കുള്ള മറുപടി. ട്വന്റി-20 സ്‌ക്വാഡില്‍ പോലും അവഗണിക്കുന്ന സെലക്ടര്‍മാര്‍ക്കും ബോര്‍ഡിനും സഞ്ജു കൃത്യമായ സൂചന തന്നെയാണ് നല്‍കിയത്.

തനിക്ക് ടെസ്റ്റ് സ്‌ക്വാഡിലേക്ക് പരിഗണിക്കപ്പെടുന്നതിലും താല്‍പര്യം ഏകദിനവും ട്വന്റി-20യുമാണെന്ന് ഉറപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്.

ബംഗ്ലാദേശിനെതിരേ ഡബിള്‍ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ ഈ മല്‍സരം കളിക്കുന്നുണ്ടെന്നത് മറ്റൊരു പ്രത്യേകതയായി. ഏകദിന, ട്വന്റി-20 ഇന്ത്യന്‍ ടീമുകളിലേക്ക് വിക്കറ്റ് കീപ്പറുടെ റോളില്‍ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും. റിഷാഭ് പന്ത് മാറിയ സമയത്ത് കിട്ടിയ അവസരം കിഷന്‍ മുതലാക്കുകയും ചെയ്തു.

ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ ഉടനെ കിഷന്‍ റാഞ്ചിയിലെത്തി ജാര്‍ഖണ്ഡ് ടീമിനൊപ്പം ചേര്‍ന്നു. ഈ മല്‍സരത്തില്‍ ഉള്‍പ്പെടെ കളിച്ച് ഫോം നിലനിര്‍ത്തുകയാണ് ലക്ഷ്യം. കൂടുതല്‍ സ്ഥിരത പുലര്‍ത്താത്ത രണ്ട് താരങ്ങളാണ് സഞ്ജുവും കിഷനും. ഇടംകൈയും വലംകൈയുമാണെങ്കിലും സ്ഥിരതയുടെ കാര്യത്തിലും കടുംവെട്ടിലും ഇരുവരും ഒരേ തൂവല്‍പക്ഷികളാണ്.

ജാര്‍ഖണ്ഡിനെതിരേ ആദ്യ ദിനത്തില്‍ 108 പന്തില്‍ നിന്നും 72 റണ്‍സെടുത്ത സഞ്ജു നേടിയത് 7 പടുകൂറ്റന്‍ സിക്‌സറുകളും 4 ബൗണ്ടറികളുമാണ്. ഇന്നിംഗ്‌സിലെ ബൗണ്ടറി ശതമാനം 80 ന് മുകളിലാണ്. 108 പന്തുകളില്‍ 83 എണ്ണം ഡോട്ട് ബോളുകളായിരുന്നു. അതായത് വെറും 25 പന്തുകളിലാണ് സഞ്ജു 72 റണ്‍സ് അടിച്ചെടുത്തത്. ഓരോ 9 പന്തിലും ഒരു ബൗണ്ടറി എന്ന കണക്കിലായിരുന്നു കേരള ക്യാപ്റ്റന്റെ ബാറ്റിംഗ്.

14 സിംഗുകള്‍ ഒഴികെ ബാക്കിയെല്ലാം സിക്‌സോ ഫോറോ വഴിയാണ് സഞ്ജു നേടിയത്. കേരള നിരയില്‍ ടോപ് സ്‌കോററായ രോഹന്‍ പ്രേം 201 പന്തിലാണ് 79 റണ്‍സെടുത്തതെന്ന കണക്ക് മാത്രം മതി സഞ്ജുവിന്റെ ആധിപത്യം മനസിലാക്കാന്‍.

Related Articles

Back to top button