Cricket

ഉഗാണ്ടയോടു കണ്ണുരുട്ടി ഐസിസി!! അവസാന നിമിഷം ലോകകപ്പ് ജഴ്‌സി മാറ്റിച്ചു

ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പു തന്നെ തിരിച്ചടിയേറ്റ് ഉഗാണ്ട ക്രിക്കറ്റ് ടീം. ടീമിന്റെ ഔദ്യോഗിക ജഴ്‌സി അവസാന നിമിഷം ഐസിസി ഇടപെട്ട് മാറ്റിയതായാണ് വിവരം. ഉഗാണ്ടയുടെ ഔദ്യോഗിക ജഴ്‌സി നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടാണ് ഐസിസി വിലക്കുമായെത്തിയത്.

ലോകകപ്പ് ജഴ്‌സിയുടെ ഡിസൈന്‍ തെരഞ്ഞെടുക്കാനായി ഈ വര്‍ഷം ആദ്യം ഉഗാണ്ട പൊതുജനങ്ങള്‍ക്കായി ഒരു മത്സരം തന്നെ ഏര്‍പ്പെടുത്തിയിരുന്നു.

നിരവധി ആളുകളാണ് ഇതേത്തുടര്‍ന്ന് ഉഗാണ്ടന്‍ ക്രിക്കറ്റ് അസോസിയേഷന് ജഴ്‌സി ഡിസൈന്‍ അയച്ചു നല്‍കിയത്. ഒടുവില്‍ വാന്യാമ മാംഗേനി എലിജാ എന്നയാളുടെ ഡിസൈനാണ് ഉഗാണ്ട അപെക്‌സ് ക്രിക്കറ്റ് ബോഡി തെരഞ്ഞെടുത്തത്.


ഉഗാണ്ടയുടെ ദേശീയ പക്ഷിയായ ഗ്രേ ക്രൗണ്‍ഡ് ക്രെയ്‌നില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, വര്‍ണാഭമായ തൂവലുകള്‍ നിറഞ്ഞ കൈകളോടു കൂടിയുള്ള ജഴ്‌സിയാണ് എലിജ ഡിസൈന്‍ ചെയ്തത്.

ഉഗാണ്ടയുടെ ഗാംഭീര്യവും ശക്തിയും സ്വത്വവും ധ്വനിപ്പിക്കുന്ന രീതിയിലുള്ള രീതിയിലാണ് താന്‍ ജഴ്‌സി രൂപകല്‍പ്പന ചെയ്തതെന്നാണ് എലിജ പറയുന്നത്. കടും കളറുകളുടെ സംയോജനം ഐക്യത്തെയും രാജ്യാഭിമാനത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

തൂവല്‍ പാറ്റേണ്‍ ക്രസ്റ്റഡ് ക്രെയിനുകളുടെ ശക്തിയോടും പ്രഭാവത്തോടുമുള്ള ആദരവാണെന്നും എലീജ കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഐസിസി ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ല. വര്‍ണാഭമായ തൂവലുകളുള്ള കൈകള്‍ സ്‌പോണ്‍സര്‍മാരുടെ ലോഗോയ്ക്ക് ശ്രദ്ധ ലഭിക്കുന്നത് ഇല്ലാതാക്കുമെന്നാണ് ഐസിസിയുടെ കണ്ടെത്തല്‍.

ഇതേത്തുടര്‍ന്ന് ലോഗോ മാറ്റാന്‍ അവര്‍ ഉഗാണ്ട ക്രിക്കറ്റ് അസോസിയേഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. പുതിയ ജഴ്‌സി ഓസ്‌ട്രേലിയന്‍ ടീമിനോട് ഏറെ സാമ്യമുള്ളതാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Related Articles

Back to top button