Cricket

ഇംഗ്ലണ്ട് സ്‌റ്റൈല്‍ ‘കടമെടുത്ത്’ സഞ്ജുവിന്റെ സ്‌ഫോടക ഇന്നിംഗ്‌സ്!!

ബ്രണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം അടിമുടി ആക്രമണാത്മക ബാറ്റിംഗാണ് ഇംഗ്ലണ്ടിന്റേത്. ടെസ്റ്റും ഏകദിനവുമെല്ലാം ട്വന്റി-20 സ്റ്റൈലിലാണ് ബാറ്റിംഗ്. പാക്കിസ്ഥാനെതിരായ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് ഈ ശൈലിയാണ്.

ഇംഗ്ലണ്ടിന്റെ ശൈലി കടമെടുത്ത് രഞ്ജി ട്രോഫിയില്‍ ബാറ്റു വീശിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ശക്തരായ ജാര്‍ഖണ്ഡിനെതിരേ സഞ്ജുവിന്റെ അടിമുടി ആക്രമണ ബാറ്റിംഗാണ് കേരളത്തെ ആദ്യ ദിനം ഭേദപ്പെട്ട സ്‌കോറിലെത്താന്‍ സഹായിച്ചത്. ഒരുവശത്ത് തകര്‍ത്തടിച്ച സഞ്ജു ഉച്ചയ്ക്ക് ശേഷമാണ് കുറച്ചെങ്കിലും പ്രതിരോധത്തിലേക്ക് മാറിയത്.

108 പന്തില്‍ നിന്നും 72 റണ്‍സെടുത്ത സഞ്ജു നേടിയത് 7 പടുകൂറ്റന്‍ സിക്‌സറുകളും 4 ബൗണ്ടറികളുമാണ്. ഇന്നിംഗ്‌സിലെ ബൗണ്ടറി ശതമാനം 80 ന് മുകളിലാണ്.

108 പന്തുകളില്‍ 83 എണ്ണം ഡോട്ട് ബോളുകളായിരുന്നു. അതായത് വെറും 25 പന്തുകളിലാണ് സഞ്ജു 72 റണ്‍സ് അടിച്ചെടുത്തത്. ഓരോ 9 പന്തിലും ഒരു ബൗണ്ടറി എന്ന കണക്കിലായിരുന്നു കേരള ക്യാപ്റ്റന്റെ ബാറ്റിംഗ്.

14 സിംഗുകള്‍ ഒഴികെ ബാക്കിയെല്ലാം സിക്‌സോ ഫോറോ വഴിയാണ് സഞ്ജു നേടിയത്. കേരള നിരയില്‍ ടോപ് സ്‌കോററായ രോഹന്‍ പ്രേം 201 പന്തിലാണ് 79 റണ്‍സെടുത്തതെന്ന കണക്ക് മാത്രം മതി സഞ്ജുവിന്റെ ആധിപത്യം മനസിലാക്കാന്‍.

ഇന്ത്യന്‍ താരം ഷഹ്ബാസ് നദീമിന്റെ പന്തില്‍ കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരേ ഡബിള്‍ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ പിടിച്ചാണ് സഞ്ജു പുറത്തായത്. ബംഗ്ലാദേശ് പരമ്പര തീര്‍ന്നയുടന്‍ കിഷന്‍ റാഞ്ചിയിലെത്തി ജാര്‍ഖണ്ഡ് ടീമിനൊപ്പം ചേരുകയായിരുന്നു.

Related Articles

Back to top button