Cricket

വയസ് 49 ആയിട്ടും സച്ചിന്റെ ബാറ്റില്‍ നിന്ന് വെടിയുണ്ടകള്‍!! സ്തംഭിച്ച് ആരാധകര്‍

റോഡ് സേഫ്റ്റി ക്രിക്കറ്റ് ലീഗില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മാസ്മരിക ബാറ്റിംഗില്‍ ആരാധകര്‍ക്ക് രോമാഞ്ചം. ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെതിരായ മല്‍സരത്തിലായിരുന്നു സച്ചിന്റെ വെടിക്കെട്ട്. ഇന്ത്യന്‍ ലെജന്‍ഡ്‌സിനായി കളത്തിലിറങ്ങിയ സച്ചിന്‍ പതുക്കെയാണ് തുടങ്ങിയത്.

ആദ്യത്തെ ബൗണ്ടറി കണ്ടെത്താന്‍ നാലാം പന്തുവരെ ഇതിഹാസത്തിന് കാത്തിരിക്കേണ്ടി വന്നു. പിന്നീട് സച്ചിന്റെ വിശ്വരൂപമാണ് ഡെറാഡൂണിലെ ഗ്യാലറികള്‍ കണ്ടത്. ക്രിസ് ട്രംലറ്റ് എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തി സച്ചിന്‍ പഴയ പ്രതിഭയൊന്നും പൊയ്‌പോയിട്ടില്ലെന്ന് അടിവരയിട്ടു. പന്തെറിയാന്‍ വന്നവര്‍ക്കെല്ലാം ആവശ്യത്തിന് തല്ലുകിട്ടുകയും ചെയ്തു.

കവര്‍ ഡ്രൈവുകളും പൂള്‍ ഷോട്ടുകളും മനോഹരമായി കളിച്ച സച്ചിന്റെ ഇന്നിംഗ്‌സിനു മുന്നില്‍ നിശബ്ദനായി നില്‍ക്കേണ്ട കാര്യമേ സഹഓപ്പണര്‍ നമന്‍ ഓജയ്ക്ക് വേണ്ടി വന്നുള്ളൂ. ആറാം ഓവറില്‍ ഓജ (20) പുറത്തായി. തൊട്ടുപിന്നാലെ സച്ചിനും പവലിയിനില്‍ തിരിച്ചെത്തി. 20 പന്തില്‍ മൂന്നു ഫോറും മൂന്നു സിക്‌സറും ഉള്‍പ്പെടെ 40 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്.

റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനെതിരേയും സച്ചിന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. അവസാനം കളിച്ച അഞ്ച് മല്‍സരങ്ങളില്‍ രണ്ടിലും സച്ചിന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. 49 വയസ് പിന്നിട്ട സച്ചിനെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വിളിച്ചാലും ഇപ്പോഴത്തെ താരങ്ങളേക്കാള്‍ നന്നായി കളിക്കുമെന്നാണ് ആരാധകരുടെ പക്ഷം.

Related Articles

Back to top button