Cricket

ലോകകപ്പ് കാണാന്‍ താല്‍പര്യമില്ലെന്ന് റിയാന്‍ പരാഗ്!! കുട്ടിക്കളി മാറിയില്ലിയോയെന്ന ചോദ്യവുമായി ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ചിട്ടും ലോകകപ്പ് ടീമില്‍ ഇടം പിടിക്കാതെ പോയ കളിക്കാരനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആസാം താരം റിയാന്‍ പരാഗ്.

ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമതെത്തിയെങ്കിലും ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ പരാഗിന് സ്ഥാനം ലഭിച്ചില്ല.

പരാഗിനെ ടീമിലുള്‍പ്പെടുത്തണമെന്ന് മുന്‍ താരങ്ങളടക്കമുള്ളവര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഇപ്പോഴിതാ താന്‍ ടി20 ലോകകപ്പ് കാണില്ലെന്നും ഫൈനല്‍ ജയിക്കുന്നത് ആരാണെന്ന് മാത്രമാണ് തനിക്ക് അറിയേണ്ടതെന്നും പ്രതികരിച്ചിരിക്കുകയാണ് താരം.

ട്വന്റി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തിനാണ് പരാഗിന്റെ അപ്രതീക്ഷിത പ്രതികരണം. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പക്ഷപാതപരമായി പോകുമെന്നും സത്യസന്ധമായി പറഞ്ഞാല്‍ ഇത്തവണ ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ആരാണ് കിരീടം നേടുന്നത് എന്ന് മാത്രമെ നോക്കുന്നുള്ളൂവെന്നുമാണ് പരാഗ് പറഞ്ഞത്.

ഭാരത് ആര്‍മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പ് കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പരാഗ് വ്യക്തമാക്കിയത്. താന്‍ ലോകകപ്പ് കളിക്കുമ്പോള്‍ ആരൊക്കെ സെമിയില്‍ കളിക്കുമെന്ന് ആലോചിക്കാമെന്നും പരാഗ് പറഞ്ഞു.

അതേസമയം ടി20 ടീമിലെടുക്കാത്തതിന്റെ നിരാശയാണ് പരാഗിന്റെ വാക്കുകളില്‍ തെളിഞ്ഞ് നില്‍ക്കുന്നതെന്നും പരാഗ് ഇപ്പോഴും കുട്ടിത്തം മാറാത്ത താരമാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

അടുത്തിടെ ഒരു ലൈവ് വീഡിയോയ്ക്കിടെ പരാഗിന്റെ യൂട്യൂബ് ഹിസ്റ്ററി വൈറലായിരുന്നു. അബദ്ധത്തില്‍ താരം പങ്കുവെച്ച യൂട്യൂബ് ഹിസ്റ്ററി നിരവധി ട്രോളുകള്‍ക്കിടയാക്കിയിരുന്നു.

Related Articles

Back to top button