Cricket

സഞ്ജുവിനെ ടീമിലെടുത്തത് നല്ലകാര്യം!! ഖലീല്‍ അഹമ്മദ് വരെ റിസര്‍വായുള്ളപ്പോള്‍ നടരാജനെ എന്തിന് ഒഴിവാക്കിയെന്ന് മുന്‍ ഇന്ത്യന്‍ താരം

തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് അവഗണിക്കുകയാണെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദ്രീനാഥ്.

ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയിട്ടും തമിഴ്‌നാട്ടില്‍നിന്നുള്ള പേസര്‍ ടി. നടരാജനെ ട്വന്റി20 ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കിയതാണ് ബദ്രീനാഥിനെ ചൊടിപ്പിച്ചത്.

സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ടീമിലെടുത്തത് ഗംഭീര തീരുമാനമാണെന്നും എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള താരങ്ങള്‍ ടീമിലെത്താന്‍ കൂടുതല്‍ പരിശ്രമിച്ചിട്ടും നടക്കുന്നില്ലെന്നും ബദ്രീനാഥ് ആരോപിച്ചു.

”ലോകകപ്പ് ടീമില്‍ എന്തിനാണ് നാലു സ്പിന്നര്‍മാര്‍? തമിഴ്‌നാട്ടില്‍നിന്നുള്ള ചില ക്രിക്കറ്റ് താരങ്ങള്‍ക്ക് അവസരം കിട്ടണമെങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ ഇരട്ടി പ്രകടനം നടത്തണം.

അതാണ് എനിക്കു മനസ്സിലാകാത്തത്. അവരെ എന്താണ് ആരും പിന്തുണയ്ക്കാത്തത്? ടി. നടരാജന്‍ ലോകകപ്പ് ടീമില്‍ ഉണ്ടാകേണ്ട താരമാണ്. പല തവണ ഞാനും ഈയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്.

ആരും പറയാത്തതുകൊണ്ടാണ് ഞാന്‍ ഇക്കാര്യം പറയുന്നത്.” ബദ്രീനാഥ് ഒരു സ്‌പോര്‍ട്‌സ് ചര്‍ച്ചയില്‍ പ്രതികരിച്ചു.


”അശ്വിന്‍ അഞ്ഞൂറു വിക്കറ്റ് നേടിയിട്ടുണ്ട്. ചിലര്‍ അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയാണ്. എനിക്ക് അതു മനസ്സിലാകുന്നില്ല. മുരളി വിജയ് എന്നൊരു മികച്ച ക്രിക്കറ്റ് താരം ഉണ്ടായിരുന്നു.

രണ്ടു മത്സരങ്ങള്‍ മോശമാകുമ്പോഴേക്കും അദ്ദേഹത്തേയും ചോദ്യം ചെയ്തിട്ടുണ്ട്. കുറച്ചു കാലമായി ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടാണ് പറയുന്നത്.”

”രോഹിത് ശര്‍മ ക്യാപ്റ്റനായും ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായും കളിക്കുമ്പോള്‍ മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസം എനിക്കുണ്ട്. ശിവം ദുബെയെയും, സഞ്ജു സാംസണെയും ടീമിലെടുത്തത് മികച്ച തീരുമാനമാണ്.

രണ്ടു പേരും ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ശിവം ദുബെ മധ്യ ഓവറുകളിലും, സഞ്ജു സാംസണ്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായും കളിക്കട്ടെ.

അര്‍ഷ്ദീപ് സിംഗ് ടീമിലുണ്ട്. ഖലീല്‍ അഹമ്മദ് വരെ റിസര്‍വായുണ്ട്. എന്നിട്ടും എന്തിനാണ് നടരാജനെ ഒഴിവാക്കിയതെന്നു മനസ്സിലാകുന്നില്ല.” ബദ്രീനാഥ് ഒരു എക്‌സ് വീഡിയോയില്‍ പറഞ്ഞു.

ടൂര്‍ണമെന്റില്‍ നിലവിലെ ലീഡിംഗ് വിക്കറ്റ് ടേക്കര്‍ നടരാജനാണ്. താരത്തെ ഒഴിവാക്കിയതിനെതിരേ മുമ്പ് സുനില്‍ ഗവാസ്‌കറും പ്രതികരിച്ചിരുന്നു. എട്ടു മത്സരങ്ങളില്‍ നിന്ന് സീസണില്‍ ഇതുവരെ 15 വിക്കറ്റാണ് താരം നേടിയിരിക്കുന്നത്.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചെഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

റിസര്‍വ് താരങ്ങള്‍: ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍

Related Articles

Back to top button