Cricket

മുമ്പ് പല ക്യാപ്റ്റന്മാരുടെ കീഴില്‍ കളിച്ചിട്ടുണ്ട്!! മുംബൈയുടെ ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് രോഹിത് ശര്‍മ. അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിനൊപ്പമുള്ള പത്രസമ്മേളനത്തിലാണ് രോഹിത് മനസ്സു തുറന്നത്.

‘നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് എപ്പോഴും ലഭിക്കണമെന്നില്ല. എന്നാലും ഞാന്‍ സന്തോഷവാനാണ്. മുമ്പ് പല ക്യാപ്റ്റന്‍മാരുടെ കീഴിലും ഞാന്‍ കളിച്ചിട്ടുണ്ട്, ഇപ്പോള്‍ എന്റെ കളിയിലും ടീമിനു വേണ്ടി എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നുമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.

മുമ്പ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. എന്നാല്‍ പിന്നീട് ക്യാപ്റ്റന്‍സി മാറി വീണ്ടും ക്യാപ്റ്റനായി നിയമിക്കപ്പെട്ടു. ഇത് ജീവിതത്തിന്റെ ഭാഗമാണ്, ഇത് എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒരു കാര്യമല്ല.

മുംബൈ ഇന്ത്യന്‍സിനൊപ്പം ഉള്ള ക്യാപ്റ്റന്‍സി ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു എന്നാല്‍ ഇപ്പോള്‍ ഒരു കളിക്കാരന്‍ എന്ന നിലയില്‍ എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നാണ് ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.

2013ല്‍ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം അവര്‍ക്ക് അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് രോഹിത് നേടിക്കൊടുത്തത്.

എന്നാല്‍ ഈ സീസണില്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് രോഹിതിനെ പുറത്താക്കി മുംബൈ മാനേജ്‌മെന്റ് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കുന്നത്.

2015 മുതല്‍ 2021 വരെ മുംബൈയ്ക്കായി കളിച്ച ഹാര്‍ദിക്. മുംബൈയുടെ നാലു കിരീട നേട്ടങ്ങളില്‍ പങ്കാളിയായിരുന്നു. തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറിയ താരം ആദ്യ സീസണില്‍ തന്നെ ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. രണ്ടാം സീസണില്‍ അവരെ ഫൈനലിലെത്തിക്കുകയും ചെയ്തതോടെയാണ് ഹാര്‍ദിക്കിനെ വന്‍വില നല്‍കി മുംബൈ തിരികെയെത്തിച്ചത്.

എന്നാല്‍ ഗുജറാത്തിനൊപ്പം നടത്തിയ മികച്ച പ്രകടനങ്ങള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ആവര്‍ത്തിക്കാന്‍ താരത്തിനായില്ല. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും താരം പരാജയമായി.

സീസണില്‍ ഇതുവരെ കളിച്ച പത്തു മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്.
ആറ് പോയിന്റ് മാത്രമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം വിജയിച്ചാല്‍ മാത്രമേ അവര്‍ക്ക് പ്ലേ ഓഫ് സാധ്യതയുള്ളൂ.

Related Articles

Back to top button